ജോലിക്കാർ പോലും അറിഞ്ഞില്ല സ്ഥാപനത്തിന്റെ മറവിലെ തട്ടിപ്പ്, നിർണായകമായി വോഡഫോൺ നൽകിയ വിവരം
അന്താരാഷ്ട്ര കോളുകൾ ലോക്കൽ കോളുകളാക്കി വൻ സൈബർ സാമ്പത്തിക തട്ടിപ്പിന് ചുക്കാൻ പിടിച്ച സോഫ്റ്റ്‍വെയർ എൻജിനിയർ അറസ്റ്റിൽ. ബെംഗളൂരുവിലാണ് 35കാരനായ ടെക്കി അറസ്റ്റിലായത്. സെൻട്രൽ ക്രൈം ബ്രാഞ്ചാണ് സിം ബോക്സിന്റെ സഹായത്തോടെ അന്താരാഷ്ട്ര കോളുകൾ ലോക്കൽ കോളുകളാക്കി തട്ടിപ്പിന് കൂട്ടുനിന്ന ടെക്കിയെ പിടികൂടിയത്. ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ്സിൽ പ്രവർത്തിച്ചിരുന്ന ഡാറ്റ സെന്ററിൽ നിന്നായിരുന്നു 35കാരന്റെ പ്രവർത്തനം. ആറ് സിം ബോക്സുകളും 133 സിമ്മുകളും 12 ഡാറ്റ സ്റ്റോറേജ് സെർവറുകളും നെറ്റ്‍വർക്ക് റൂട്ടർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ചുമടക്കം പത്ത് ലക്ഷം രൂപയിലേറെ വില വരുന്ന സാധന സാമഗ്രഹികളാണ് ടെക്കിയിൽ നിന്ന് പിടികൂടിയത്. സമാനമായ രീതിയിൽ മൂന്നിടത്ത് നിന്നും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. അറസ്റ്റിലായ യുവാവിനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മറ്റ് രണ്ട് പേരുടെ സഹായത്തോടെയാണ് അനധികൃത ബൂത്തിന്റെ പ്രവർത്തനമെന്നും നിലവിൽ ഇവർ വിദേശത്താണെന്നുമാണ് 35കാരൻ മൊഴി നൽകിയത്.
വൊഡാഫോണിൽ നിന്നാണ് പൊലീസിന് രഹസ്യ വിവരം ലഭിച്ചത്. അനധികൃത സിം ബോക്സ് പ്രവർത്തിക്കുന്നതായി വോഡഫോൺ ആണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. വൈറ്റ്ഫീൽഡ്സിലെ ഐടി പാർക്കിൽ സിം ബോക്സ് ഉപയോഗിച്ച് അനധികൃത പ്രവർത്തനമെന്നാണ് വൊഡാഫോൺ നൽകിയ സൂചന. തട്ടിപ്പ് കോളുകൾ ആളുകളിലേക്ക് എത്താൻ സിം ബോക്സ് ഉപയോഗിച്ച് സഹായം എത്തുന്നുവെന്നായിരുന്നു രഹസ്യവിവരം. ഫ്രണ്ട് ഓഫീസും ഡാറ്റാ സെന്ററുമായാണ് തട്ടിപ്പ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഈ ഡാറ്റാ സെ്നററിൽ പ്രവർത്തിച്ചിരുന്നവർ പോലും തട്ടിപ്പ് അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.