Fincat

അട്ടപ്പാടിയിൽ വീണ്ടും ചന്ദനവേട്ട; 30 കിലോ ചന്ദന മുട്ടികൾ പിടികൂടി, പ്രതികൾ രക്ഷപ്പെട്ടു

പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും വൻ ചന്ദനവേട്ട. 30 കിലോയോളം ചന്ദന മുട്ടികളാണ് പൊലീസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഷോളയാർ പൊലീസ് കോമ്പിങ്ങ് ഓപ്പറേഷൻ്റെ ഭാഗമായി ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആനക്കട്ടി മന്ദിയമ്മൻ കോവിലിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ചന്ദനം പിടിച്ചെടുത്തത്. എന്നാൽ പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് പ്രതികൾ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

​ഹോണ്ട ജാസ് കാറിൽ ചാക്കുകെട്ടുകളിലായി കടത്തുകയായിരുന്ന ചന്ദനമാണ് പൊലീസ് സംഘം പിടികൂടിയത്. വാഹനപരിശോധന കണ്ടതോടെ പൊലീസിനെ വെട്ടിച്ച് വാഹനം തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിൻതുടർന്നു. പിന്തുടരുന്നതിനിടെ വാഹനം ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും, അതിനുള്ളിലുണ്ടായിരുന്ന 30 കിലോയോളം ചന്ദന മുട്ടികൾ കണ്ടെടുക്കുകയും ചെയ്തു. വാഹന ഉടമയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
​വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അട്ടപ്പാടി മേഖലയിൽ ചന്ദനം ഉൾപ്പെടെയുള്ള വനവിഭവങ്ങൾ വ്യാപകമായി കടത്തുന്നത് പതിവാണെന്നും, ഇതിനെതിരെ ശക്തമായ നടപടികൾ തുടരുമെന്നും പൊലീസ് അറിയിച്ചു. വാഹനത്തിന്റെ ഉടമസ്ഥനെക്കുറിച്ചും, ചന്ദനം കടത്തിയ സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ തടയാൻ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.