Fincat

ഓപ്പറേഷൻ സിന്ദൂരിലെ തിരിച്ചടി; ആര്‍മി റോക്കറ്റ് ഫോഴ്സിന് രൂപം നല്‍കി പാകിസ്താൻ


ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരില്‍ ഇന്ത്യയില്‍നിന്ന് കനത്ത തിരിച്ചടി നേരിട്ട പാകിസ്താൻ മിസൈല്‍ ആക്രമണ ശേഷി കൂട്ടാനായി പുതിയ സൈനിക വിഭാഗം രൂപീകരിച്ചു.ചൈനയുടെ പീപ്പിള്‍സ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സിന്റെ (PLARF) മാതൃകയില്‍ മിസൈലുകള്‍ക്കും റോക്കറ്റുകള്‍ക്കുമായി ഒരു പ്രത്യേക കമാൻഡ് രൂപീകരിക്കാനാണ് പാകിസ്താന്റെ ശ്രമം.

മെയ് മാസത്തില്‍ നടന്ന ഓപ്പറേഷൻ സിന്ദൂരില്‍ വ്യോമാക്രമണത്തിനായിരുന്നു മുൻതൂക്കം. ഇരുപക്ഷവും ഡ്രോണുകളും മിസൈലുകളും മറ്റും ഉപയോഗിച്ചു. പാകിസ്താന്റെ ചൈനീസ് നിർമ്മിത PL15, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്മോസ്, ആകാശ് സംവിധാനങ്ങള്‍, റഷ്യൻ എസ്-400 എന്നിവയെല്ലാം ഈ സംഘർഷത്തില്‍ ഉപയോഗിക്കപ്പെട്ടു. എന്നാല്‍, പാകിസ്താന്റെ മിസൈലുകള്‍ ഇന്ത്യ നിർവീര്യമാക്കിയത് അവർക്ക് വൻതിരിച്ചടിയായി.

ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിന്റെ സ്മരണയ്ക്കായി ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍, പാകിസ്താൻ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ആർമി റോക്കറ്റ് ഫോഴ്സ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പാകിസ്താൻ സൈന്യത്തിന്റെ പോരാട്ടശേഷി ശക്തിപ്പെടുത്തുന്നതില്‍ റോക്കറ്റ് ഫോഴ്സ് നാഴികക്കല്ലാകുമെന്നും ഷെഹ്ബാസ് പറഞ്ഞു.

ചൈനയുടെ മാതൃകയിലുള്ള പാകിസ്താന്റെ പുതിയ മിസൈല്‍ കമാൻഡ് ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതാണ്. മുൻപ് സെക്കൻഡ് ആർട്ടിലറി കോർപ്സ് എന്നറിയപ്പെട്ടിരുന്ന PLARF, ചൈനയുടെ തന്ത്രപ്രധാനമായ മിസൈല്‍ സേനയാണ്. പീപ്പിള്‍സ് ലിബറേഷൻ ആർമിയുടെ (PLA) നാലാമത്തെ കമാൻഡായ PLARF, ആണവ, പരമ്ബരാഗത വിഭാഗങ്ങളിലുള്ള ബാലിസ്റ്റിക്, ഹൈപ്പർസോണിക്, ക്രൂയിസ് മിസൈലുകള്‍ ഉള്‍പ്പെടെ, കരയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ചൈനയുടെ മിസൈലുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ്.

ഓപ്പറേഷൻ സിന്ദൂരില്‍ ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങള്‍ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരുന്നു. വെടിനിർത്തലിന് തലേദിവസം രാത്രി, ഹരിയാണയിലെ സിർസയ്ക്ക് മുകളില്‍ വെച്ച്‌ പാകിസ്താന്റെ ഫത്താ-1 മിസൈല്‍ ഇന്ത്യ തകർത്തിരുന്നു. അതേസമയം, ഇന്ത്യൻ വ്യോമസേന പാകിസ്താന്റെ ഉള്ളിലേക്ക് ശക്തമായ ആക്രമണം നടത്തി. അതീവ പ്രാധാന്യമുള്ളതും തന്ത്രപ്രധാനവുമായ ഒട്ടേറെ ലക്ഷ്യങ്ങളെ തകർത്തു. പാകിസ്താൻ എയർഫോഴ്സിന്റെ നൂർ ഖാൻ വ്യോമതാവളം, പ്രധാന വാർത്താവിനിമയ കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.