Fincat

വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയവരുടെ പേര് കാരണ സഹിതം പ്രസിദ്ധീകരിക്കണം- കമ്മിഷനോട് സുപ്രീംകോടതി


ന്യൂഡല്‍ഹി: ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തില്‍ നിർണായക ഉത്തരവുമായി സുപ്രീംകോടതി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു.കോടതിയുടെ നിർദേശങ്ങള്‍ കമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ബിഹാറിലെ എസ്‌ഐആറിനെ ചോദ്യംചെയ്തുള്ള ഹർജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

വോട്ടർ പട്ടികയില്‍ നേരത്തെ പേരുണ്ടാകുകയും തീവ്ര പുനഃപരിശോധനയ്ക്ക് ശേഷമുള്ള കരട് പട്ടികയില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യാത്ത ഏകദേശം 65 ലക്ഷം വോട്ടർമാരുടെ പട്ടിക, ഓരോ ജില്ലാ ഇലക്ടറല്‍ ഓഫീസറുടെയും വെബ്സൈറ്റില്‍ (ജില്ലാ അടിസ്ഥാനത്തില്‍) പ്രസിദ്ധീകരിക്കണം. ഈ വിവരങ്ങള്‍ ബൂത്ത് അടിസ്ഥാനത്തിലായിരിക്കണം, എന്നാല്‍ വോട്ടറുടെ EPIC നമ്ബർ ഉപയോഗിച്ച്‌ ഇത് പരിശോധിക്കാനും സാധിക്കണം.

മരണം, താമസം മാറല്‍, ഇരട്ട രജിസ്ട്രേഷൻ തുടങ്ങിയ, പേര് ഒഴിവാക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.

അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകള്‍ സമർപ്പിക്കുമ്ബോള്‍, ഒഴിവാക്കപ്പെട്ടവർക്ക് അവരുടെ ആധാർ കാർഡും പരിഗണിക്കുമെന്ന് പൊതു അറിയിപ്പുകളില്‍ വ്യക്തമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിർദേശിച്ചിട്ടുണ്ട്.

‘ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രദർശിപ്പിക്കുന്നതിനെക്കുറിച്ച്‌ വ്യാപകമായ പ്രചാരണം നല്‍കുന്നതിന്, ബിഹാറില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ പരസ്യം നല്‍കേണ്ടതാണ്. കൂടാതെ, ദൂരദർശനിലും റേഡിയോ ചാനലുകളിലും ഇത് പ്രക്ഷേപണം ചെയ്യേണ്ടതാണ്.

ജില്ലാ ഇലക്ടറല്‍ ഓഫീസർമാർക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍, അവർ അതിലും പൊതു അറിയിപ്പ് പ്രദർശിപ്പിക്കേണ്ടതാണ്.

പൊതു അറിയിപ്പില്‍, പരാതിയുള്ളവർക്ക് ആധാർ കാർഡിന്റെ പകർപ്പിനൊപ്പം തങ്ങളുടെ അവകാശവാദങ്ങള്‍ സമർപ്പിക്കാമെന്ന് വ്യക്തമായി പരാമർശിക്കേണ്ടതാണ്. കൂടാതെ, കാരണങ്ങള്‍ സഹിതം ഈ പട്ടികകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി, ഏകദേശം 65 ലക്ഷം വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടികകള്‍ ഓരോ ബൂത്ത് ലെവല്‍ ഓഫീസറും പഞ്ചായത്ത് ഓഫീസുകളിലെ നോട്ടീസ് ബോർഡില്‍ പ്രദർശിപ്പിക്കേണ്ടതാണ്’ സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.