വാര്‍ഷിക ഫാസ്ടാഗ് സ്വാതന്ത്ര്യദിനം മുതല്‍; ഒറ്റത്തവണ 3,000 രൂപ അടച്ചാല്‍ എത്ര തവണ ടോള്‍ പ്ലാസകള്‍ മറികടക്കാം
ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസുമായി ദേശീയ രാതാ അതോറിറ്റി. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 മുതല്‍ ഈ പാസ് പ്രാബല്യത്തില്‍ വരും. ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പദ്ധതി, യാത്രാസൗകര്യം വര്‍ധിപ്പിക്കുകയും പണം ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും. സ്വകാര്യ കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിവയുടെ ഉടമകള്‍ക്ക് വേണ്ടിയുള്ളതാണ് ഈ വാര്‍ഷിക പാസ്. 3,000 രൂപ ഒറ്റത്തവണ അടച്ചാല്‍ 200 തവണ ടോള്‍ പ്ലാസകള്‍ മറികടക്കാം, അല്ലെങ്കില്‍ ഒരു വര്‍ഷം മുഴുവന്‍ യാത്ര ചെയ്യാം. ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതനുസരിച്ച് പാസ് കാലാവധി അവസാനിക്കും. ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും വേഗത്തില്‍ പണം അടച്ച് മുന്നോട്ട് പോകാനും ഈ പദ്ധതി സഹായിക്കും.
ഈ വര്‍ഷം ജൂണിലാണ് ഫാസ്ടാഗ് വാര്‍ഷിക പാസ് പ്രഖ്യാപിച്ചത്. വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്കുവേണ്ടിയുള്ള ഒരു പ്രീപെയ്ഡ് ടോള്‍ പ്ലാനാണിത്. 60 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള ടോള്‍ പ്ലാസകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഒറ്റത്തവണ കുറഞ്ഞ തുക നല്‍കി ടോള്‍ പണം അടയ്ക്കുന്നത് ലളിതമാക്കാനും ഇത് ലക്ഷ്യമിടുന്നു. കാത്തിരിപ്പ് സമയം കുറയ്ക്കാനും ടോള്‍ പ്ലാസകളിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഈ പാസ് ഉപകരിക്കും. നിലവില്‍ സജീവമായതും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറുമായി ബന്ധിപ്പിച്ചതുമായ ഫാസ്ടാഗിലേക്ക് ഈ പാസ് നേരിട്ട് ലിങ്ക് ചെയ്യാം.
ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും മാത്രമാണ് ഈ പാസ് ഉപയോഗിക്കാന്‍ സാധിക്കുക. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ, മുംബൈ-നാസിക്, മുംബൈ-സൂറത്ത്, മുംബൈ-രത്‌നഗിരി തുടങ്ങിയ റൂട്ടുകളില്‍ ഇത് പ്രവര്‍ത്തിക്കും. എന്നാല്‍, മുംബൈ-പൂനെ എക്‌സ്പ്രസ് വേ, മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ് വേ (സമൃദ്ധി മഹാമാര്‍ഗ്), അടല്‍ സേതു തുടങ്ങിയ സംസ്ഥാനപാതകളിലും മുനിസിപ്പല്‍ ടോള്‍ റോഡുകളിലും ഫാസ്ടാദ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും, സാധാരണ നിരക്കുകള്‍ ബാധകമാകും. ഈ പദ്ധതി ദൈനംദിന യാത്രക്കാര്‍ക്ക് വളരെ സൗകര്യപ്രദമാണ്. പാസ് മറ്റൊരു വാഹനത്തിലേക്ക് മാറ്റാന്‍ സാധിക്കില്ല.