Fincat

ബെംഗളൂരു വില്‍സണ്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുട്ടി മരിച്ചു, 9 പേര്‍ക്ക് പരിക്ക്


ബെംഗളൂരു: വില്‍സണ്‍ ഗാർഡനില്‍ വെള്ളിയാഴ്ച രാവിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പത്തുവയസ്സുകാരന് ദാരുണാന്ത്യം.പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ ആറോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. രക്ഷാപ്രവർത്തനം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. തൊട്ടുതൊട്ട് വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.
സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനമെങ്കിലും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. മൂന്നംഗകുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സ്ഫോടനം നടന്നത്. ഗൃഹനാഥൻ രാവിലെ ജോലിയ്ക്ക് പോയിരുന്നു. ഭാര്യയും കുഞ്ഞുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തോട് അനുശോചനം അറിയിക്കുകയും ചെയ്തു. കുട്ടിയുടെ കുംടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ എട്ടരയോടെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ സ്ഫോടനം സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നത്. ബോംബ് സ്ക്വാഡ്, ഭീകര വിരുദ്ധസേന, സംസ്ഥാന ദുരന്ത പ്രതികരണസേന, അഗ്നിരക്ഷാസേന, പോലീസ് സേന എന്നിവ ഉടനെതന്ന സ്ഥലത്തെത്തിയിരുന്നു.