ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാതെ രാഹുലും ഖാര്‍ഗെയും; വിമര്‍ശിച്ച് ബിജെപി
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും.എന്തുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തത് എന്നതിനെ കുറിച്ച് കോണ്‍ഗ്രസില്‍നിന്നോ ഇരു നേതാക്കളുടെയും ഭാഗത്തുനിന്നോ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.
എന്നാല്‍ കഴിഞ്ഞവർഷത്തെ ചടങ്ങില്‍ ഇരിപ്പിടം അനുവദിച്ചതിനെച്ചൊല്ലിയുള്ള അതൃപ്തി കാരണമാണ് രാഹുല്‍ ചടങ്ങില്‍നിന്ന് വിട്ടുനിന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കാബിനറ്റ് മന്ത്രിക്ക് തുല്യമായ പദവിയുള്ള രാഹുലിന് കഴിഞ്ഞകൊല്ലത്തെ സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ ഇരിപ്പിടം അനുവദിച്ചത് ഏറ്റവും അവസാനത്തേതിന് തൊട്ടുമുൻപത്തെ വരിയിലായിരുന്നു. സാധാരണഗതിയില്‍ ഒന്നാംനിരയിലാണ് പ്രതിപക്ഷ നേതാവിന് ഇരിപ്പിടം ഒരുക്കാറ്. ഈ പതിവില്‍നിന്നുണ്ടായ വ്യതിയാനം വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
അതേസമയം, ചെങ്കോട്ടയിലെ ചടങ്ങില്‍നിന്ന് വിട്ടുനിന്നതിന് രാഹുലിനെതിരേ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. നാണംകെട്ട പെരുമാറ്റമാണിതെന്ന് പാർട്ടി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു. ഇതാണോ ഭരണഘടനയോടും സൈന്യത്തോടുമുള്ള ആദരവെന്നും പൂനാവാല ആരാഞ്ഞു.