കിഷ്ത്വാറിലെ മിന്നൽ പ്രളയം; രക്ഷാപ്രവർത്തനം തുടരുന്നു, 45 മരണം സ്ഥിരീകരിച്ചു
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. മാതാ ചണ്ഡി ഹിമാലയൻ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം ആരംഭിക്കുന്ന ചസോതിയിലാണ് വൻ ദുരന്തമുണ്ടായത്. 200-ൽ അധികം പേരെ കണ്ടെത്താനുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. നിലവിൽ 45 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിൽ രണ്ട് സിഐഎസ്എഫ് ജവാന്മാരും ഉൾപ്പെടുന്നു.
സൈന്യത്തിന്റെയും ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്. അപകടത്തിൽപ്പെട്ടവരിൽ ഏറെയും തീർത്ഥാടകരാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുവിലെ സ്വാതന്ത്ര്യദിന പരിപാടികൾ റദ്ദാക്കി.
ആയിരത്തോളം തീർത്ഥാടകർ ഉണ്ടായിരുന്ന ക്യാമ്പിന് സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടത്തിന് ശേഷം പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി നടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഉന്നതതല സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.