Fincat

വനിതകള്‍ക്ക് ഇനിമുതല്‍ സൗജന്യ ബസ് യാത്ര, പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


അമരാവതി: സംസ്ഥാനവ്യാപകമായി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘സ്ത്രീ ശക്തി’ പദ്ധതി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ എൻഡിഎ നേതാക്കള്‍ സന്നിഹിതരായിരുന്നു.
‘സ്ത്രീ ശക്തി’യുടെ ഭാഗമായി ആന്ധ്രപ്രദേശില്‍ താമസിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡർ വ്യക്തികള്‍ക്കും സംസ്ഥാനത്തിന്റെ ഏതുഭാഗത്തേക്കും യാത്ര ചെയ്യാം. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍, ഐടി മന്ത്രി നരാ ലോകേഷ് എന്നിവർ സ്ത്രീകള്‍ക്കൊപ്പം ഉദ്ഘാടനയാത്രയില്‍ പങ്കെടുത്തു.
ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (എപിഎസ്‌ആർടിസി) ഭാഗമായുള്ള അഞ്ച് ബസ് സർവീസുകളില്‍ സൗജന്യയാത്ര ലഭിക്കും. സംസ്ഥാനത്തെ 2.62 കോടി വനിതകള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമാകും. എപിഎസ്‌ആർടിസിയുടെ കീഴിലുള്ള 11,449 ബസുകളില്‍ 74 ശതമാനം ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നായിഡു നല്‍കിയ ആറ് വാഗ്ദാനങ്ങളിലൊന്നായിരുന്നു വനിതകള്‍ക്കുള്ള സൗജന്യബസ് യാത്ര.