Fincat

‘സ്വാതന്ത്ര്യം അവരുടെ സമ്മാനം’; ഗാന്ധിജിക്കും മേലെ സവര്‍ക്കര്‍,വിവാദ പോസ്റ്ററുമായി പെട്രോളിയം മന്ത്രാലയം


ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്റർ വിവാദത്തില്‍. സവർക്കറേയും ഉള്‍ക്കൊള്ളിച്ചാണ് മന്ത്രാലയം പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.മഹാത്മാഗാന്ധിക്കും സുഭാഷ് ചന്ദ്ര ബോസിനും ഭഗത് സിങ്ങിനും ഒപ്പമാണ് സവർക്കറും പോസ്റ്ററില്‍ ഇടംപിടിച്ചിരിക്കുന്നത്. ഗാന്ധിക്കും മുകളിലായിട്ടാണ് പോസ്റ്ററില്‍ സവർക്കറുടെ സ്ഥാനം.
‘സ്വാതന്ത്ര്യം അവരുടെ സമ്മാനമാണ്. ഭാവി രൂപപ്പെടുത്തുന്നതാണ് നമ്മുടെ മിഷൻ’ എന്നാണ് പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള കുറിപ്പ്. പോസ്റ്ററില്‍ നെഹ്റുവിനെ ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിനെതിരേ വലിയതോതില്‍ വിമർശനമാണ് ഉയരുന്നത്.
സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കാളിത്തവുമില്ലെന്ന് മാത്രമല്ല ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞ വ്യക്തിയാണ് സർവർക്കറെന്ന വിമർശനം ബിജെപിക്കെതിരെ നിരന്തരം ഉയരുമ്ബോഴാണ് ഈ പോസ്റ്റർ വരുന്നത്.
സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. പോസ്റ്റർ പെട്രോളിയം മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ ഹാൻഡിലില്‍ നിന്ന് പിൻവലിച്ചിട്ടില്ല.