Fincat

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി


ന്യൂഡല്‍ഹി: രാജ്യം വെള്ളിയാഴ്ച 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയില്‍ ദേശീയപതാക ഉയർത്തി.രാജ്ഘട്ടില്‍ സന്ദർശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. രാജ്നാഥ് സിങ്, അമിത് ഷാ തുടങ്ങിയ കേന്ദ്രമന്ത്രിമാരും വിവിധ നേതാക്കളും ചെങ്കോട്ടയിലെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയപതാക ഉയർത്തിയശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയാണ്.

പ്രധാനമന്ത്രിയായി ചെങ്കോട്ടയില്‍നിന്നുള്ള നരേന്ദ്രമോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിനപ്രസംഗമാണിത്. 2014 മുതല്‍ കഴിഞ്ഞവർഷംവരെയുള്ള പ്രസംഗങ്ങളിലെല്ലാമായി 93,000 വാക്കുകളാണ് മോദി ഉപയോഗിച്ചിരുന്നത്. ഇക്കൊല്ലം വാക്കുകള്‍ ഒരുലക്ഷം കടന്നേക്കും.
നേരത്തേ പ്രധാനമന്ത്രി സാമൂഹികമാധ്യമങ്ങളിലൂടെ എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേർന്നിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും വികസിതഭാരതം കെട്ടിപ്പടുക്കാനും കഠിനാധ്വാനം ചെയ്യാൻ ഈ ദിനം പ്രചോദനമാകട്ടെയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.