Fincat

ഏകദിന ലോകകപ്പില്‍ 8-0, ടി20 ലോകകപ്പില്‍ 7-1, ഏഷ്യാ കപ്പിലും പാകിസ്ഥാന് മുന്നില്‍ ഇന്ത്യ ബഡാ ഭായ്


മുംബൈ
: ഏഷ്യാ കപ്പ് ക്രിക്കറ്റിന് അടുത്തമാസം ഒമ്പതിന് യുഎഇയില്‍ തുടക്കമാകുമ്പോള്‍ വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്തശേഷം ഇരു ടീമുകളും ആദ്യമായി മുഖാമുഖം വരുന്ന ടൂര്‍ണമെന്‍റ് കൂടിയാണിത്. സെപ്റ്റംബര്‍ 10ന് ആതിഥേയരായ യുഎഇയെ നേരിടുന്ന ഇന്ത്യ 14നാണ് പാകിസ്ഥാനെതിരെ പോരിനിറങ്ങുക. ഗ്രൂപ്പ് ഘട്ടം കടന്നാല്‍ സൂപ്പര്‍ ഫോറിലും ഇരു ടീമും ഏറ്റുമുട്ടും. ഫൈനലിലും ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് സാധ്യതകളുണ്ട്. ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍റെ റെക്കോര്‍ഡ് എങ്ങനെയെന്ന് നോക്കാം.

ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് ഇതുവരെ ഇന്ത്യയെ തോല്‍പിക്കാനായിട്ടില്ല. ഇതുവരെ കളിച്ച എട്ടു മത്സരങ്ങളില്‍ എട്ടിലും ഇന്ത്യ ജയിച്ചു. ടി20 ലോകകപ്പിലാകട്ടെ 2022ല്‍ നേടിയ ഒരേയൊരു ജയം മാത്രമാണ് പാകിസ്ഥാനുള്ളത്.ഇതുവരെ കളിച്ച എട്ടു കളികളില്‍ ഏഴിലും ഇന്ത്യ ജയിച്ചു.

1984ല്‍ തുടങ്ങിയ ഏഷ്യാ കപ്പില്‍ ഇതുവരെ നടന്ന 16 ടൂര്‍ണമെന്‍റുകളില്‍ പതിനഞ്ചിലും ഇന്ത്യയും പാകിസ്ഥാനും മത്സരിച്ചിട്ടുണ്ട്. 1986ലെ ശ്രീലങ്കയില്‍ നടന്ന ഏഷ്യാ കപ്പില്‍ നിന്ന് ശ്രീലങ്കയിലെ ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇന്ത്യ വിട്ടു നിന്നപ്പോള്‍ 1990-91ൽ ഇന്ത്യയില്‍ നടന്ന ഏഷ്യാ കപ്പ് പാകിസ്ഥാന്‍ ബഹിഷ്കരിച്ചിരുന്നു. ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമും ഇന്ത്യയാണ്. എട്ട് തവണ. ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലുമെന്ന പോലെ ഏഷ്യാ കപ്പിലും പാകിസ്ഥാനുമേല്‍ ഇന്ത്യക്കാണ് ആധിപത്യം.

ഏഷ്യാ കപ്പില്‍ ഇതുവരെ പരസ്പരം 18 മത്സരങ്ങളിലാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ 10 എണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ആറെണ്ണത്തില്‍ പാകിസ്ഥാന്‍ ജയിച്ചു. രണ്ട് മത്സരം ഫലമില്ലാതെ അവസാനിച്ചു. 1984ലെ ആദ്യ ഏഷ്യാ കപ്പില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 54 റണ്‍സിനാണ് ഇന്ത്യ ജയിച്ചതെങ്കില്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന 2023ൽ നടന്ന അവസാന ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ജയം 228 റണ്‍സിനായിരുന്നു. 1995ല്‍ ഇന്ത്യയെ 97 റണ്‍സിന് വീഴ്ത്തിയതാണ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍റെ ഏറ്റവും വലിയ വിജയം. 2022ല്‍ അഞ്ച് വിക്കറ്റിന് ജയിച്ചതാണ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍റെ അവസാന ജയം.