Fincat

‘എന്റെ പൂര്‍വികര്‍ ഝാൻസി റാണിക്കുവേണ്ടി പോരാടിയവര്‍’; കുടുംബ ചരിത്രം പങ്കുവെച്ച്‌ കേണല്‍ സോഫിയാ ഖുറേഷി


പാകിസ്താനിലെ ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണമായ ഓപ്പറേഷൻ സിന്ദൂർ ലോകത്തോട് വിശദീകരിച്ച രണ്ട് വനിതാ സൈനികോദ്യോഗസ്ഥരില്‍ ഒരാളാണ് കരസേനയിലെ കേണലായ സോഫിയാ ഖുറേഷി.രാജ്യത്തിന്റെ അഭിമാനമായി മാറിയ സോഫിയാ ഖുറേഷി തന്റെ കുടുംബത്തിന്റെ ചരിത്രം പങ്കുവെച്ചിരിക്കുകയാണ്. അമിതാഭ് ബച്ചൻ അവതരിപ്പിച്ച കോൻ ബനേഗാ കരോർപതി എന്ന ടെലിവിഷൻ ഷോയിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

തന്റെ പൂർവികർ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന റാണി ലക്ഷ്മിബായിക്കുവേണ്ടി പോരാടിയവരാണെന്ന് കേണല്‍ സോഫിയാ ഖുറേഷി പറഞ്ഞു. ‘എന്റെ കുടുംബത്തിലെ എല്ലാവരും സൈനികരായിരുന്നു. എന്റെ മുതുമുത്തശ്ശിയുടെ പൂർവികർ റാണി ലക്ഷ്മിബായിക്കൊപ്പമായിരുന്നു. താരാട്ടുപാട്ട് കേട്ടല്ല ഞാൻ വളർന്നത്. മറിച്ച്‌ പോരാട്ടവീര്യത്തിന്റെ കഥകളും ധൈര്യം എന്നതിന്റെ അർഥം വിശദീകരിക്കുന്ന സംഭാഷണങ്ങളുമാണ് ഞാൻ കേട്ടത്.’ -കേണല്‍ സോഫിയാ ഖുറേഷി പറഞ്ഞു.

സാധാരണ പട്ടാളക്കാർ മുതല്‍ ഓഫീസർമാർ വരെ എല്ലാവർക്കും സൈന്യത്തില്‍ എല്ലാവർക്കും ഒരേ പരിശീലനമാണ് നല്‍കുന്നത്. ജെൻഡർ ന്യൂട്രലായ സേനയാണ് ഇന്ത്യൻ സൈന്യമെന്നും കേണല്‍ സോഫിയാ ഖുറേഷി കോൻ ബനേഗാ കരോർപതിയില്‍ അമിതാഭ് ബച്ചനോടായി പറഞ്ഞു.

സോഫിയാ ഖുറേഷിയുടെ സഹോദരി ഷൈന സുൻസരയും തങ്ങളുടെ കുടുംബത്തെ കുറിച്ച്‌ നേരത്തേ പറഞ്ഞിട്ടുണ്ട്. ‘ഞങ്ങളുടെ പിതാവ് 1971-ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവും സൈന്യത്തിലുണ്ടായിരുന്നു. അമ്മാവൻ ബിഎസ്‌എഫിലായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്ന മുത്തച്ഛന്റെ മുത്തച്ഛൻ പിന്നീട് അതുപേക്ഷിച്ച്‌ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ പങ്കെടുത്തു. 1857-ല്‍ ഝാൻസി റാണി നയിച്ച യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തതിന്റെ കഥകള്‍ മുത്തശ്ശി ഞങ്ങളോട് പറയുമായിരുന്നു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച്‌ പറഞ്ഞ വാർത്താസമ്മേളനത്തില്‍ സോഫിയയും ഝാൻസി റാണിയെ പോലെയായിരുന്നു സംസാരിച്ചത്. ഝാൻസി റാണി അവളുടെ പ്രചോദനമാണ്.’ -ഹിന്ദുസ്ഥാൻ ടൈംസിനോടായി ഷൈന പറഞ്ഞു.

ഗുജറാത്തിലെ വഡോദരയിലെ സൈനിക കുടുംബത്തില്‍ നിന്നുള്ള സോഫിയാ ഖുറേഷി 1974-ലാണ് ജനിച്ചത്. മഹാരാജാ സയാജിറാവു സർവകലാശാലയില്‍ നിന്ന് 1977-ല്‍ ബയോകെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട് സോഫിയ. നിലവില്‍ സൈന്യത്തിലെ മെക്കനൈസ്ഡ് ഇന്റഫൻട്രിയിലാണ് കേണല്‍ സേവനമനുഷ്ടിക്കുന്നത്. 2001-ലെ പാർലമെന്റ് ആക്രമണത്തിന് ശേഷം പഞ്ചാബ് അതിർത്തിയില്‍ സൈന്യം നടത്തിയ ഓപ്പറേഷൻ പരാക്രമില്‍ പങ്കെടുത്തയാളാണ് കേണല്‍ സോഫിയാ ഖുറേഷി.