ഉപയോക്താക്കളുടെ പ്രായം കണക്കാക്കുന്നതിനായി യൂട്യൂബ് എഐ ടൂൾ അവതരിപ്പിച്ചു. നൽകിയ പ്രായപരിധിയിൽ പൊരുത്തക്കേടുകൾ ഉണ്ടായാൽ തിരിച്ചറിയല്‍ രേഖ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ആവശ്യപ്പെട്ട് ഐഡന്‍റിറ്റി പരിശോധന നടത്താൻ ഈ ടൂൾ യൂട്യൂബിനെ സഹായിക്കുന്നു. അനുചിതമായ ഉള്ളടക്കത്തിൽ നിന്ന് പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ ഫീച്ചർ. ഒരു ഉപയോക്താവിനെ പ്രായപൂർത്തിയാകാത്തതായി കണ്ടെത്തിയാൽ സൈൻ അപ്പ് ചെയ്യുമ്പോൾ അവർ നൽകിയ ജനനത്തീയതി പരിഗണിക്കാതെ തന്നെ കൗമാരക്കാർക്കുള്ള സുരക്ഷാ നടപടികൾ ഈ ടൂൾ പ്രയോഗിക്കും. അതേസമയം ഈ നീക്കം സ്വകാര്യതാ ആശങ്കകൾക്ക് കാരണമായതായും ചില ഉപയോക്താക്കൾ സെൻസിറ്റീവ് ഡാറ്റ നൽകുന്നതിനെ എതിർക്കുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.യൂട്യൂബ് അടുത്തിടെ ചില അമേരിക്കൻ ഉപയോക്താക്കളിൽ എഐ ടൂൾ പരീക്ഷിച്ചുതുടങ്ങി. ഒരു ഉപയോക്താവിനെ പ്രായപൂർത്തിയാകാത്തയാളായി ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂൾ തിരിച്ചറിയുകയാണെങ്കിൽ, പ്ലാറ്റ്‌ഫോമിലെ നിലവിലുള്ള കൗമാര സുരക്ഷാ നടപടികൾ അവരുടെ അക്കൗണ്ടിൽ ഓട്ടോമാറ്റിക്കായി പ്രയോഗിക്കും. ഇത്തരം ഉപയോക്താക്കളോട് അവരുടെ പ്രായം തെളിയിക്കാൻ ഒരു ഗവൺമെന്‍റ് ഐഡി, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഒരു സെൽഫി അപ്‌ലോഡ് ചെയ്യാൻ യൂട്യൂബ് ആവശ്യപ്പെടും.
ഒരു ഉപയോക്താവ് 18 വയസിന് താഴെയുള്ള ആളാണോ എന്ന് കണക്കാക്കാൻ ഉപയോക്താവ് തിരയുന്ന, കാണുന്ന വീഡിയോകളുടെ തരങ്ങൾ, അവരുടെ അക്കൗണ്ട് എത്ര കാലം സജീവമായിരുന്നു തുടങ്ങിയ കാര്യങ്ങൾ യൂട്യൂബിന്‍റെ പുതിയ എഐ പ്രായ പരിശോധനാ സംവിധാനം പരിഗണിക്കുന്നു. ഒരു ഉപയോക്താവിനെ പ്രായപൂർത്തിയാകാത്തയാളായി എഐ ടൂള്‍ തിരിച്ചറിയുകയാണെങ്കിൽ, അവർ ഓട്ടോമാറ്റിക്കായി യൂട്യൂബിന്‍റെ കൗമാര സുരക്ഷാ ക്രമീകരണങ്ങൾക്ക് കീഴിലാകും. നിർദ്ദിഷ്ട ഉള്ളടക്കത്തിലെ പരിധികൾ, സെറ്റ് ചെയ്ത റെക്കമെൻഡഡ് വീഡിയോകൾ, പ്രത്യേക മെറ്റീരിയലിന്‍റെ ആവർത്തിച്ചുള്ള കാഴ്ച തടയൽ, ‘ഒരു ഇടവേള എടുക്കുക’ നിർദ്ദേശങ്ങൾ, വ്യക്തിഗതമാക്കിയ പരസ്യങ്ങൾ നീക്കം ചെയ്യൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, ലോഗിൻ ചെയ്ത ഉപയോക്താക്കൾക്ക് മാത്രമേ ഈ ടൂൾ പ്രവർത്തിക്കൂ. അതായത് അക്കൗണ്ട് ഇല്ലാതെ തന്നെ യൂട്യൂബ് ഉപയോഗിക്കുന്നതിലൂടെ ചിലർക്ക് ഈ നിയന്ത്രണങ്ങൾ മറികടക്കാൻ കഴിയും. എന്നാൽ സൈൻ ഔട്ട് ചെയ്ത ഉപയോക്താക്കൾക്ക് പ്രായപരിധി നിശ്ചയിച്ച വീഡിയോകൾ കാണാൻ കഴിയില്ല. വ്യാജ ജനനത്തീയതികൾ ഉപയോഗിച്ച് കൗമാരക്കാർക്ക് സുരക്ഷാ മാനദണ്ഡങ്ങൾ മറികടക്കാൻ കഴിയുമെന്ന വിമർശനത്തെത്തുടർന്ന് യൂട്യൂബും മറ്റ് പ്ലാറ്റ്‌ഫോമുകളും പ്രായപരിധി പരിശോധിക്കാൻ സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിലാണ് ഈ പുതിയ അപ്‌ഡേറ്റ് വരുന്നത് എന്നതാണ് ശ്രദ്ധേയം. കുട്ടികളുടെ സുരക്ഷയിലും മാനസികാരോഗ്യത്തിലും സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് മാതാപിതാക്കളിൽ നിന്നും നിയമനിർമ്മാതാക്കളിൽ നിന്നും വർധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കാനാണ് ഈ നീക്കം. കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന കുട്ടികളുടെ സംരക്ഷണ നിയമങ്ങൾ അനുസരിച്ച് റെഡ്ഡിറ്റ്, ഡിസ്‌കോർഡ് തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകളും യുകെയുടെ ഓൺലൈൻ സുരക്ഷാ നിയമത്തിന് കീഴിൽ പ്രായപരിശോധന ആരംഭിച്ചിട്ടുണ്ട്.
കൗമാരക്കാരായി തെറ്റായി ഫ്ലാഗ് ചെയ്‌താൽ സൈറ്റിന്‍റെ മുതിർന്നവർക്കുള്ള പതിപ്പ് ആക്‌സസ് ചെയ്യുന്നത് തുടരാൻ ക്രെഡിറ്റ് കാർഡ്, ഐഡി അല്ലെങ്കിൽ സെൽഫി- ബയോമെട്രിക് ഡാറ്റ നൽകണം. എന്നാൽ ഈ പരിശോധന ചില ഉപയോക്താക്കളിലും സ്വകാര്യതാ വിദഗ്‌ധരിലും സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങളുടെ ശേഖരണത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. നിരാശരായ ഉപയോക്താക്കൾ എക്‌സിലും റെഡ്ഡിറ്റിലും ഹാഷ്‌ടാഗ് ഉപയോഗിച്ച് പോസ്റ്റ് ചെയ്‌തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ പ്രതികരണവുമായി യൂട്യൂബ് രംഗത്തെത്തി. പുതിയ ടൂളിനെതിരെ ചില യൂട്യൂബ് ഉപയോക്താക്കൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് പ്രതികരണം. ഉപയോക്തൃ ഡാറ്റ സംരക്ഷിക്കുന്നതിന് ഗൂഗിൾ ലോകത്തിലെ ഏറ്റവും നൂതനമായ സുരക്ഷാ സംവിധാനം ഉപയോഗിക്കുന്നുവെന്നും, ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ ഇല്ലാതാക്കുന്നത് ഉൾപ്പെടെ അവർക്ക് അനുയോജ്യമായ സ്വകാര്യതാ ക്രമീകരണങ്ങൾ തിരഞ്ഞെടുക്കാൻ കഴിയുമെന്നും ഒരു യൂട്യൂബ് വക്താവ് സിഎൻഎന്നിന് നൽകിയ പ്രസ്‍താവനയിൽ പറഞ്ഞു. പരസ്യ ഉപയോഗത്തിനായി ഉപയോക്താക്കളുടെ ഐഡികളിൽ നിന്നോ ക്രെഡിറ്റ് കാർഡുകളിൽ നിന്നോ ഉള്ള വിവരങ്ങൾ യൂട്യൂബ് സംഭരിക്കില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളിൽ ഈ പുതിയ എഐ സിസ്റ്റം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും യൂട്യൂബ് വ്യക്തമാക്കുന്നു.