ആവസാന നിമിഷങ്ങളില്‍ 2 ഗോള്‍, ആവേശപ്പോരില്‍ ബോണ്‍മൗത്തിനെ വീഴ്ത്തി ലിവര്‍പൂളിന് ജയത്തുടക്കം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ആവേശത്തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ആദ്യ മത്സരത്തിൽ ബോൺമൗത്തിനെ രണ്ടിനെതിരെ 4 ഗോളുകൾക്ക് തോൽപ്പിച്ചു. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ബോൺമൗത്ത് തിരിച്ചുവരവ് നടത്തിയെങ്കിലും ആൻഫീൽഡിലെ ലിവർപൂളിന്‍റെ പോരാട്ട വീര്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഹ്യൂഗോ എക്കിടിക്കെ, കോഡി ഗാക്പോ, ഫെഡറികോ ചിയേസ, മുഹമ്മദ് സലാ എന്നിവരാണ് ലിവർപൂളിന്‍റെ സ്കോറർമാർ.
37-ാം മിനിറ്റില്‍ എക്കിടിക്കെയാണ് ലിവര്‍പൂളിന്‍റെ ഗോള്‍വേട്ട തുടങ്ങിയത്. ആദ്യപകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ലിവര്‍പൂള്‍ മടങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തില്‍(49) തന്നെ കോഡി ഗാക്പോ ലീഡുയര്‍ത്തി.എന്നാല്‍ 64, 76 മിനിറ്റുകളില്‍ അന്‍റോയിന്‍ സെമന്യോയുടെ ഇരട്ടഗോളുകളിലൂടെ ബോണ്‍മൗത്ത് ലിവര്‍പൂളിനെ ഞെട്ടിച്ച് സമനില പിടിച്ചു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലിവര്‍പൂൾ സമനില വഴങ്ങുമെന്ന ഘട്ടത്തില്‍ 88-ാം മിനിറ്റില്‍ ചിയേസ ലിവര്‍പൂളിന്‍റെ രക്ഷകനായി ലീഡ് നേടി. ഒടുവില്‍ ഇഞ്ചുറി ടൈമില്‍(90+4) മുഹമ്മദ് സലായുടെ ഗോളിലൂടെ ലിവര്‍പൂള്‍ വിജയം ആധികാരികമാക്കി.
മത്സരത്തില്‍ ബോണ്‍മൗത്തിനായി രണ്ട് ഗോള്‍ നേടിയ അന്‍റോണിയോ സെമന്യോയെ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചത് ലിവര്‍പൂള്‍ വിജയത്തിന്‍റെ മാറ്റ് കുറച്ചു. മത്സരത്തിനിടെ കാണികളിലൊരാള്‍ സെമന്യോയെ കാണികളിലൊരാള്‍ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് മത്സരം കുറച്ചുനേരത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു.