മഞ്ചേരി മെഡി. കോളേജിലേക്കുള്ള യൂത്ത്ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷവും അറസ്റ്റും; കവാടത്തില്‍ തടഞ്ഞ് പോലീസ്
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാർക്കെതിരേ കേസെടുത്ത സംഭവത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മുസ്ലിം യൂത്ത്ലീഗ് നടത്തിയ മാർച്ചില്‍ സംഘർഷം.യൂത്ത് ലീഗ് മഞ്ചേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. മെഡിക്കല്‍ കോളേജ് സന്ദർശിച്ച മന്ത്രിയോട് ശമ്ബളം ചോദിച്ച താത്കാലിക ജീവനക്കാർക്കെതിരേ കേസെടുത്തതിനെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസും മെഡിക്കല്‍ കോളേജിലേക്ക് മാർച്ച് നടത്തിയിരുന്നു.
മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത്ലീഗ് പ്രതിഷേധം നടത്തിയത്. എന്നാല്‍ കോളേജ് കവാടത്തില്‍വെച്ചുതന്നെ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഇതോടെ കവാടത്തിന് മുന്നില്‍ ഉപരോധം തീർക്കുകയായിരുന്നു യൂത്ത്ലീഗ് പ്രവർത്തകർ. മാർച്ചിനിടെ പോലീസും പ്രവർത്തകരും തമ്മില്‍ സംഘർഷമുണ്ടായി. ഇതോടെ ചിലരെ അറസ്റ്റുചെയ്ത് നീക്കി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജ് സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജിനോട് ശമ്ബളം ലഭിക്കുന്നില്ലെന്ന് പരാതി ബോധിപ്പിച്ചതായിരുന്നു താത്കാലിക ജീവനക്കാർ. വിഷയത്തില്‍ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഘർഷ സാധ്യതയുണ്ടാക്കി എന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് കേസ്. ഇതോടെ രണ്ടുമാസമായി ശമ്ബളം ലഭിക്കാത്ത ജീവനക്കാർക്ക് കേസുകൂടി നേരിടേണ്ടിവരുമെന്ന സ്ഥിതിവന്നു.