Fincat

മുന്നൂറിലേറെ വിദേശ പഴവര്‍ഗങ്ങള്‍, ജൈവവളം മാത്രം; വൈശാഖിയുടെ പഴത്തോട്ടം സ്പെഷ്യലാണ്


പ്രക്കാനം (പത്തനംതിട്ട): വിദേശത്ത് വിളയുന്ന പഴവർഗങ്ങള്‍ നാട്ടിലും വിജയകരമായി കൃഷിചെയ്യാം എന്ന് തെളിയിക്കുകയാണ് പ്രക്കാനം സ്വദേശിയായ ബി.വൈശാഖി തെന്നാടൻ. പ്ലസ്ടു വിദ്യാർഥിയായ വൈശാഖിയുടെ വീട്ടിന് സമീപത്തെ തോട്ടത്തില്‍ വ്യത്യസ്തവും അപൂർവവുമായ മുന്നൂറിലേറെ വിദേശ പഴവർഗങ്ങളാണ് വിളയുന്നത്.

പത്തിനത്തില്‍പെട്ട ജബൂട്ടിക്കാബ, 20 ഇനത്തില്‍പ്പെട്ട ഡ്രാഗണ്‍ ഫ്രൂട്ട്, മില്‍ക്ക് ഫ്രൂട്ട്, മാമി സപ്പോട്ട, ബ്ലാക്ക് സപ്പോട്ട, വൈറ്റ് സപ്പോട്ട, പാക്കിസ്താൻ വൈറ്റ് മള്‍ബറി, ബ്രസീലിയൻ ബ്ലാക്ക് മള്‍ബറി, സാവാന ചെറി, 10 ഇനത്തിലുള്ള റമ്ബൂട്ടാൻ, 15 ഇനം പേര, 12 ഇനം പ്ലാവ്, 20 ഇനം മാവ്, തായ്ലാൻഡ് ജമ്ബോ ബ്ലാക്ക് ഞാവല്‍, മിറാക്കിള്‍ ഫ്രൂട്ട് തുടങ്ങിയ വൈശാഖിയുടെ പഴത്തോട്ടത്തില്‍ സമൃദ്ധിയായി വിളയുന്നു. ഒപ്പം തെങ്ങ്, വാഴ, റെഡ്ലേഡി പപ്പായ, ഇഞ്ചി, മഞ്ഞള്‍, കുരുമുളക് തുടങ്ങിയ വീട്ടില്‍ ആവശ്യമായവയും ഇവിടെ കൃഷിചെയ്യുന്നു.

കുട്ടിക്കാലംമുതല്‍ കൃഷിയില്‍ താത്പര്യം

പ്രക്കാനം കാരുവേലില്‍ വീട്ടില്‍ ബിനോജ് തെന്നാടന്റെയും രാഖിയുടെയും മകളായ വൈശാഖിക്ക് കുട്ടിക്കാലം മുതലേ വിദേശ പഴവർഗ ചെടികള്‍ നട്ടുവളർത്താൻ ഏറെ ഇഷ്ടമായിരുന്നു. മകളുടെ ആഗ്രഹം തിരിച്ചറിഞ്ഞ അച്ഛൻ ബിനോജ് എല്ലാവിധ സൗകര്യങ്ങളുമൊരുക്കി ഒപ്പം ചേർന്നു.

വിദേശ പഴങ്ങളെപ്പറ്റി ഗൂഗിളിലൂടെ വിശദമായി വിവരശേഖരണം നടത്തിയ വൈശാഖി കേരളത്തിലെ കാലാവസ്ഥയില്‍ കൃഷിചെയ്യാൻ അനുയോജ്യമായ വിദേശ പഴവർഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അച്ഛന് കൈമാറി.

ബിനോജ് വിദേശരാജ്യങ്ങളിലുള്ള സുഹൃത്തുക്കളിലൂടെ ചെടികള്‍ സംഘടിപ്പിച്ചു. അങ്ങനെ വീടിന്റെ സമീപത്തെ 30 സെന്റ് സ്ഥലത്ത് കൃഷിയും ആരംഭിച്ചു. ജൈവവളം മാത്രമാണ് പഴകൃഷിക്ക് ഉപയോഗിക്കുന്നത്.

തേടി അവാർഡുമെത്തി

പഠനത്തോടൊപ്പം വിദേശഫല കൃഷിയിലും തത്പരയായ വൈശാഖിയെ തേടി അവാർഡുമെത്തി. ചെന്നീർക്കര ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ചേർന്ന് നല്‍കുന്ന ഈ വർഷത്തെ മികച്ച വിദ്യാർഥി കർഷകയ്ക്കുള്ള അവാർഡ് വൈശാഖിക്കാണ്.

കർഷക ദിനമായ ചിങ്ങം ഒന്നിന് (ഞായറാഴ്ച) ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. ഇന്ദിരാദേവി വൈശാഖിക്ക് സമ്മാനിക്കും. ആലപ്പുഴ ജില്ലയിലെ പാറ്റൂർ ശ്രീബുദ്ധ സെൻട്രല്‍ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും സ്കൂള്‍ ഹെഡ് ഗേളുമാണ് ഈ മിടുക്കി.