എല്ലാ ഫോര്‍മാറ്റിലുമായി ഒരു നായകൻ, ടി20 ടീമിനെ അടിമുടി പൊളിക്കാൻ ഗംഭീര്‍, റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാൻ പരിശീലകൻ ഗൗതം ഗംഭീർ ഒരുങ്ങുന്നതായി റിപ്പോർട്ട്.എല്ലാ ഫോർമാറ്റിലുമായി ഒരു നായകനെ കൊണ്ടുവരാനും ടി20 ടീമിനെ അടിമുടി പൊളിച്ചെഴുതാനും പരിശീലകൻ തയ്യാറെടുക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ ആണ് റിപ്പോർട്ട് ചെയ്തത്.
ഇംഗ്ലണ്ടിനെതിരായ പര്യടനത്തിന് പിന്നാലെ ടി20 ഫോർമാറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മാനേജ്മെന്റ്. കാലത്തിനൊത്ത് ടീം മാറ്റത്തിന് തയ്യാറാവുന്നില്ലെന്ന വിമർശനങ്ങള്‍ ശക്തമായതിനു പിന്നാലെയാണ് പരിശീലകന്റെ നീക്കമെന്ന് റിപ്പോർട്ടില്‍ പറയുന്നു. എല്ലാ ഫോർമാറ്റിലുമായി ഒരു നായകനെ കൊണ്ടുവരുന്ന രീതി സ്വീകരിക്കാനും ടി20 ടീമില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനുമാണ് പദ്ധതി. ടി20 സ്പെഷ്യലിസ്റ്റ് ഗണത്തില്‍ കണക്കാക്കാവുന്ന താരങ്ങളെ പ്രത്യേകമായി കണ്ടെത്തി ടിമിലുള്‍പ്പെടുത്തും.
അതിനു പുറമേ ഒരു ഫിനിഷർ റോളില്‍ താരങ്ങളെ ഒതുക്കാതെ കഴിവ് അനുസരിച്ച് വിവിധ റോളുകള്‍ നിശ്ചയിക്കും. ശിവം ദുബൈയെ ഫിനിഷിങ് റോളില്‍ തളച്ചിടാതെ മുൻനിര ബാറ്റിങ് ഓർഡറില്‍ ഇറക്കാനും ആലോചിക്കുന്നുണ്ട്. ഓപ്പണർമാർ മികച്ച തുടക്കം സമ്മാനിച്ചാല്‍ താരത്തെ വേഗം കളത്തിലിറക്കാനും പദ്ധതിയിടുന്നതായി റിപ്പോർട്ടില്‍ പറയുന്നു.
അടുത്തമാസം നടക്കുന്ന ഏഷ്യാകപ്പില്‍ സൂര്യകുമാർ യാദവ് തന്നെ ടീമിനെ നയിക്കാനാണ് സാധ്യത. ശുഭ്മാൻ ഗില്‍ ടീമിലുണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സഞ്ജുവും അഭിഷേക് ശർമയും ഓപ്പണിങ് റോളുകളില്‍ തന്നെ കളിച്ചേക്കും. എന്നാല്‍ ഗില്ലിനെ ടീമിലെടുത്താല്‍ ഇത് മാറിയേക്കും.