അമ്പലത്തിൽ പതിവായി വരുന്ന യുവതി, പൂജാരിയോട് പ്രണയം, മക്കളെ ഉപേക്ഷിച്ച് പോയി; വാടക വീട്ടിലെത്തി കാമുകനെ കുത്തി ഭർത്താവ്
ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കരകുളം കാച്ചാണി വാർഡിൽ അരുവിക്കര അയണിക്കാട് അനു ഭവനിൽ ശ്രീകാന്തിനെയാണ് (31) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയുടെ കാമുകനായ അജിത്ത് എന്ന് വിളിക്കുന്ന വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 3.30ഓടെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചത്.
ക്ഷേത്രത്തിലെ പൂജാരിയാണ് ആക്രമണത്തിനിരയായ വിഷ്ണു. അമ്പലത്തിൽ സ്ഥിരമായി വന്നിരുന്ന ശ്രീകാന്തിന്റെ ഭാര്യയുമായി ഇയാൾ അടുപ്പത്തിലായി. തുടർന്ന് ശ്രീകാന്തിന്റെ ഭാര്യ കുറച്ചുനാൾ മുൻപ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വിഷ്ണുവിനോടൊപ്പം ഇറങ്ങിപ്പോയി. വേട്ടമുക്ക് പാർക്കിനടുത്തുള്ള വി.ആർ.എ 76 ആവന്തിക വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ശ്രീകാന്ത് പലതവണ ഭാര്യയെ തിരികെ വിളിച്ചെങ്കിലും ഇവർ മടങ്ങിച്ചെല്ലാൻ കൂട്ടാക്കിയില്ല.
ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി ശ്രീകാന്ത്, വിഷ്ണുവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്. മുതുകിലും കഴുത്തിലും കുത്തേറ്റ വിഷ്ണു മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൂജപ്പുര പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.