‘ബിരിയാണിച്ചെമ്ബ് വെച്ച അടുപ്പിൻകല്ല് പോലെ’ ലീഗും സമസ്തയും നില്‍ക്കണമെന്ന് പള്ളിയില്‍ പ്രസംഗം, വിവാദം
കോഴിക്കോട്: ലീഗും സമസ്തയും ഒന്നിച്ച് നില്‍ക്കണമെന്ന് ഇ.കെ.വിഭാഗം സുന്നി പണ്ഡിതൻ പള്ളിയില്‍ നടത്തിയ പ്രസംഗത്തിനെതിരെ എപി വിഭാഗം സുന്നികള്‍ രംഗത്ത്.ബിരിയാണിച്ചെമ്ബ് വെച്ച അടുപ്പിൻ കല്ല് പോലെ സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഒന്നിച്ചു നില്‍ക്കുന്നതാണ് ഉമ്മത്തിന്റെ (സമുദായം) ശക്തിയെന്ന് ആബിദ് ഹുദവി തച്ചണ്ണ പറഞ്ഞു. വെള്ളിയാഴ്ച വടകര ഓർക്കാട്ടേരി പള്ളിയിലായിരുന്നു വിവാദ പ്രസംഗം.
ലീഗും സമസ്തയും തമ്മിലുള്ള ബന്ധം തകർക്കാൻ ശ്രമിക്കുന്നവർക്ക് കൂട്ടുനില്‍ക്കരുതെന്നും പാരമ്ബര്യം കാത്തുസൂക്ഷിക്കണമെന്നും ആബിദ് ഹുദവി പറയുകയുണ്ടായി.
ഇസ്ലാമിക ചരിത്രത്തിലോ സമസ്തയുടെ ചരിത്രത്തിലോ ഇങ്ങനെയൊരു അടുപ്പിൻകല്ല് തിയറിയുണ്ടോ എന്ന് സമസ്ത എപി വിഭാഗം നേതാവ് വഹാബ് സഖാഫി മമ്ബാട് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഇതിനോട് പ്രതികരിച്ചു.
സമസ്തയുടെ രൂപീകരണ കാലത്ത് മുസ്ലിംലീഗെന്ന അടുപ്പിൻ കല്ല് രൂപം കൊണ്ടിട്ടില്ല. ആരാധനക്കായി ഉപയോഗിക്കുന്ന പള്ളികള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്നും സാമൂഹിക മാധ്യമങ്ങളില്‍ വിമർശനം ഉയരുന്നുണ്ട്.