Fincat

ജിഎസ്ടി പരിഷ്കരണം ദീപാവലിക്ക് മുമ്പ്; നിരക്ക് ഘടനയിൽ മാറ്റം വരാൻ സാധ്യത

രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ദീപാവലിക്ക് മുമ്പ് തന്നെ നടപ്പാക്കാൻ സാധ്യത. പുതിയ നിരക്ക് ഘടനയുമായി പൊരുത്തപ്പെടാൻ വിപണിക്ക് ആവശ്യമായ സമയം നൽകുക, ഒപ്പം ഉത്സവ സീസണിലെ വ്യാപാര തടസ്സങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യങ്ങൾ. അടുത്ത ആഴ്ച ചേരുന്ന മന്ത്രിതല സംഘത്തിന്റെ യോഗം ഈ വിഷയങ്ങൾ ചർച്ച ചെയ്യും. കേരളം, ബംഗാൾ തുടങ്ങിയ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ ഈ സംഘത്തിൽ ഉൾപ്പെടുന്നു.

ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി മാത്രം നിജപ്പെടുത്തുന്നതിനുള്ള സാധ്യതയാണ് പരിഗണനയിലുള്ളത്. ഇങ്ങനെ ചെയ്യുന്നത് മൊത്തം വരുമാനത്തെ ബാധിക്കില്ലെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു. കർഷകർ, ചെറുകിട സംരംഭകർ, എംഎസ്എംഇകൾ എന്നിവരുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളെ 5% സ്ലാബിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

അതേസമയം മറ്റ് മിക്ക ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും 18% നിരക്ക് ബാധകമായേക്കും. ഈ പരിഷ്കാരങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിതല സമിതിയുടെ യോഗത്തിനു ശേഷം ഉണ്ടായേക്കാം. ഇത് രാജ്യത്തെ നികുതി സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.