സമ്പത്ത് എങ്ങനെ ഇരട്ടിയാക്കാം? എന്താണ് ‘റൂള്‍ ഓഫ് 72’, അറിയാം
സമ്പത്ത് വളര്‍ത്തുക എന്നത് പല നിക്ഷേപകര്‍ക്കും ഒരു പ്രധാന ലക്ഷ്യമാണ്. സ്വന്തം സാമ്പത്തിക നില മെച്ചപ്പെടുത്താനും, റിട്ടയര്‍മെന്റ് ഫണ്ട് ഒരുക്കാനും, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനും ഇത് അത്യാവശ്യമാണ്. എന്നാല്‍ എവിടെ നിന്ന് തുടങ്ങണം, എങ്ങനെ മുന്നോട്ട് പോകണം എന്ന് പലര്‍ക്കും അറിയില്ല. അത്തരക്കാര്‍ക്ക് വഴികാട്ടിയാകാന്‍ സഹായിക്കുന്ന ഒരു ലളിതമായ മാര്‍ഗമാണ് ‘റൂള്‍ ഓഫ് 72’.
എന്താണ് ‘റൂള്‍ ഓഫ് 72’.
നിക്ഷേപിച്ച പണം ഇരട്ടിയാകാന്‍ എത്ര വര്‍ഷമെടുക്കും എന്ന് കണക്കാക്കാന്‍ സഹായിക്കുന്ന ഒരു ലളിതമായ സൂത്രവാക്യമാണ് റൂള്‍ ഓഫ് 72. 72 നെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വാര്‍ഷിക റി്‌ടേണ്‍ കൊണ്ട് ഹരിക്കുക. അപ്പോള്‍ ലഭിക്കുന്ന സംഖ്യയാണ് നിക്ഷേപം ഇരട്ടിയാകാന്‍ എടുക്കുന്ന ഏകദേശ വര്‍ഷം
ഉദാഹരണത്തിന്, 6% വാര്‍ഷിക പലിശ ലഭിക്കുന്ന ഒരു നിക്ഷേപത്തില്‍, പണം ഇരട്ടിയാകാന്‍ എടുക്കുന്ന സമയം 72/6 = 12 വര്‍ഷമാണ്.
പ്രധാന സവിശേഷതകള്‍:
ഇത് കൂട്ടുപലിശ നിരക്കുകള്‍ക്ക് ബാധകമാണ്.
6% മുതല്‍ 10% വരെയുള്ള പലിശ നിരക്കുകള്‍ക്ക് ഈ സൂത്രവാക്യം കൃത്യമായ ഫലം നല്‍കുന്നു.
നിക്ഷേപങ്ങള്‍ക്ക് പുറമെ, പണപ്പെരുപ്പം, ജിഡിപി വളര്‍ച്ച തുടങ്ങിയവ പോലുള്ള എല്ലാ വളര്‍ച്ചകള്‍ക്കും ഇത് ഉപയോഗിക്കാം.
പ്രധാന നിക്ഷേപങ്ങളില്‍ എങ്ങനെ ഇത് ഉപയോഗിക്കാം?
- സ്ഥിര നിക്ഷേപങ്ങള്‍ : മിക്ക ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്കും 3% മുതല്‍ 7% വരെയാണ് പലിശ നിരക്ക്. 7% പലിശ നിരക്കില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍, അത് ഇരട്ടിയാകാന്‍ എടുക്കുന്ന സമയം 72/7 = 10.28 വര്‍ഷം.
- പബ്ലിക് പ്രൊവിഡന്റ് ഫണ്ട് : ഈ സാമ്പത്തിക വര്‍ഷത്തില്‍ പിപിഎഫിന്റെ പലിശ നിരക്ക് 7.1% ആണ്. ഈ സൂത്രവാക്യം ഉപയോഗിച്ചാല്‍, നിക്ഷേപം ഇരട്ടിയാകാന്‍ ഏകദേശം 10 വര്‍ഷമെടുക്കും (72/7.1 = 10.14 വര്‍ഷം).
- ഓഹരി വിപണി : 2024-ല്‍ നിഫ്റ്റി 50 13.5% വരുമാനം നല്‍കിയിരുന്നു. ഇത് ഉപയോഗിച്ച് കണക്കാക്കുമ്പോള്‍, ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇരട്ടിയാകാന്‍ ഏകദേശം 5.33 വര്‍ഷമെടുക്കും (72/13.5 = 5.33 വര്‍ഷം).
- മ്യൂച്വല്‍ ഫണ്ടുകള്‍: ചിട്ടയായ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വഴി ഏകദേശം 12% മുതല്‍ 15% വരെ വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. 12% വരുമാനം ലഭിക്കുന്ന ഒരു നിക്ഷേപം ഇരട്ടിയാകാന്‍ ഏകദേശം 6 വര്‍ഷമെടുക്കും (72/12 = 6 വര്‍ഷം).
ഈ ലളിതമായ സൂത്രവാക്യം ഉപയോഗിച്ച് സാമ്പത്തിക ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കും.