‘ഞാൻ മന്ത്രിയാണ്, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ’; മൗനം വെടിഞ്ഞ് സുരേഷ് ഗോപി
തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ വോട്ടർ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി.മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും താൻ മന്ത്രിയാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തൃശ്ശൂരില്‍ ശക്തൻ തമ്ബുരാന്റെ പ്രതിമയില്‍ മാലയിട്ട ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
‘ഉന്നയിച്ച വിഷയങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മറുപടി പറയും. ഞാൻ മന്ത്രിയാണ്, അതുകൊണ്ടാണ് മറുപടി പറയാത്തത്. ഞാൻ എന്റെ ഉത്തരവാദിത്തം സംരക്ഷിക്കും. കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചോളൂ’ സുരേഷ് ഗോപി പറഞ്ഞു.
ഇതിനിടെ തൃശ്ശൂരിലെ വ്യാജവോട്ട് വിവാദത്തില്‍ ഇത്തരം വോട്ടുകളുള്ള ബൂത്തുകളിലെ ബിഎല്‍ഒമാരുടെ രാഷ്ട്രീയം അന്വേഷിക്കുകയാണ് എല്‍ഡിഎഫ്. മിക്കയിടങ്ങളിലും ബിഎല്‍ഒമാർ ബിജെപി അനുകൂല രാഷ്ട്രീയമുള്ളവരാണെന്ന് കണ്ടെത്തിയെന്നാണ് നേതാക്കള്‍ പറയുന്നത്. ഇവരെ തിരഞ്ഞെടുത്തതു മുതല്‍ വ്യാജവോട്ടു ചേർത്തതുവരെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ അറിവോടെയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പുസമയത്ത് തൃശ്ശൂർ കളക്ടറായിരുന്ന വി.ആർ. കൃഷ്ണതേജ വ്യാജവോട്ടിനായി ഇടപെട്ടെന്ന് സിപിഐ പരസ്യമായി ആരോപിച്ചു. ശനിയാഴ്ച സിപിഐ തൃശ്ശൂരില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സിലാണ് നേതാക്കള്‍ ആരോപണം ഉന്നയിച്ചത്. ഇതിന് പ്രത്യുപകാരമായാണ് കൃഷ്ണതേജയ്ക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പ്രത്യേക ചുമതലയില്‍ നിയമനം കിട്ടിയതെന്നും കുറ്റപ്പെടുത്തി.
വ്യാജവോട്ടിനെപ്പറ്റി പരാതി നല്‍കിയിട്ടും മറുപടിനല്‍കാതെ തിരഞ്ഞെടുപ്പുവരെ കൃഷ്ണതേജ നീട്ടിക്കൊണ്ടുപോയതായി യുഡിഎഫിന്റെ തിരഞ്ഞെടുപ്പു ചുമതല വഹിച്ചിരുന്ന ടി.എൻ. പ്രതാപൻ പറഞ്ഞു. ഫോണിലൂടെയാണ് മറുപടി നല്‍കിയത്. മറുപടി രേഖാമൂലം കിട്ടിയിരുന്നെങ്കില്‍ അപ്പീല്‍ നല്‍കാൻ സാധിക്കുമായിരുന്നു. വ്യാജവോട്ടില്‍ കൃഷ്ണതേജയുടെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
വ്യാജവോട്ട് ചേർത്ത ബൂത്തുകളിലെ ബൂത്ത് ലെവല്‍ ഓഫീസർമാരുടെ പങ്ക് അന്വേഷിക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വോട്ടർ പട്ടികയിലെ ക്രമക്കട് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും ഉന്നയിച്ച ആരോപണങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് മറുപടി നല്‍കിയേക്കുമെന്നാണ് കരുതുന്നത്. വൈകീട്ട് മൂന്നിന് കമ്മിഷൻ ഡല്‍ഹിയില്‍ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.