Fincat

രഹസ്യാന്വേഷണ വിഭാഗം ചർച്ച നടത്തി, ഗാസയിൽ നിന്നും ലക്ഷക്കണക്കിന് പലസ്തീൻ പൗരന്മാരെ ദക്ഷിണ സുഡാനിൽ പുനരധിവസിപ്പിക്കാൻ നീക്കം

ഗാസ: ഗാസയിൽ നിന്നുള്ള ലക്ഷക്കണക്കിന് പലസ്തീൻ പൗരന്മാരെ ദക്ഷിണ സുഡാനിൽ പുനരധിവസിപ്പിക്കാൻ ഇസ്രയേൽ ചർച്ച തുടങ്ങി. ഇസ്രയേലി മാധ്യമങ്ങൾ ആണ് വാർത്ത പുറത്തുവിട്ടത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പുതിയ മനം നൽകുന്നതാണ് ഈ നീക്കം. ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ആണ് സുഡാൻ ഭരണകൂടവുമായി ചർച്ചകൾ തുടങ്ങിയത്. എട്ട് ലക്ഷം പലസ്തീനികളെ ദക്ഷിണ സുഡാനിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള സാധ്യതകളാണ് അന്വേഷിക്കുന്നത്.

ആദ്യ ഘട്ടത്തിൽ സുഡാൻ സർക്കാരിന്റേത് അനുകൂല പ്രതികരണം ആണ്. പലസ്തീൻ ജനതയെ അവരുടെ മണ്ണിൽ നിന്ന് ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് ഇതെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. ആഭ്യന്തര യുദ്ധവും ദാരിദ്ര്യവും കൊണ്ട് കഷ്ടപ്പെടുന്ന ദക്ഷിണ സുഡാൻ അന്താരാഷ്ട്ര സഹായം ഏറെ ആവശ്യമുള്ള ഒരു രാജ്യമാണ്. അതിനാൽ, ഗാസക്കാരെ സ്വീകരിക്കുന്നത് സാമ്പത്തിക സഹായങ്ങൾ ലഭിക്കാൻ കാരണമാകുമെന്ന് ദക്ഷിണ സുഡാൻ സർക്കാർ കരുതുന്നു.

എന്നാൽ ഈ നീക്കത്തെ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും അറബ് ലീഗും ശക്തമായി എതിർക്കും. നിർബന്ധിത പലായനം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ് എന്നതുതന്നെ കാരണം. അതേസമയം പലസ്തീൻ നേതാക്കൾ ഈ വാർത്തകളെ തള്ളി. ഗാസയിലെ ജനങ്ങളെ ഏതെങ്കിലും രാജ്യത്തേക്ക് മാറ്റുക എന്ന ആശയം അംഗീകരിക്കാനാവില്ലെന്നാണ് അറബ്, ലോക നേതാക്കൾ പറയുന്നത്. 1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തപ്പോൾ അത് മറ്റൊരു ദുരന്തമാവുകയാണ് ചെയ്തതെന്ന് അവർ പറയുന്നു.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും വാർത്തകളോട് പ്രതികരിക്കാൻ തയ്യാറായില്ല.