Fincat

പാകിസ്ഥാന്‍റെ കൈവശം ‘അപൂർവ നിധി’യുണ്ട്, സാമ്പത്തിക പ്രയാസമെല്ലാം തീരും; അവകാശവാദവുമായി അസിം മുനീർ

ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ ഭൂമിക്കടിയിൽ ‘അപൂർവ്വ നിധി’യുണ്ടെന്നും അത് ഉപയോഗിച്ച് പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുമെന്നും പാക് സേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാന്‍റെ ധാതുശേഖരം ഉപയോഗപ്പെടുത്തുമെന്നാണ് അസിം മുനീറിന്‍റെ അവകാശവാദം. ഇസ്ലാമാബാദിന്‍റെ ഖജനാവ് നിറയ്ക്കാൻ യുഎസുമായി ചേർന്നുള്ള ഖനന പദ്ധതിയിലൂടെ കഴിയുമെന്നാണ് അസിം മുനീർ പറയുന്നത്.

ഇലക്ട്രോണിക്സ്, പ്രതിരോധ മേഖലകൾക്ക് നിർണായകമായ ധാതു ശേഖരത്തിൽ യുഎസ് താൽപ്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അസിം മുനീറിന്‍റെ പരാമർശം. അപൂർവ ധാതുക്കളുടെ കാര്യത്തിൽ ചൈനീസ് ആധിപത്യം തകർക്കാനും ചൈനയിലെ വിതരണ ശൃംഖലകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് അമേരിക്കയുടെ ശ്രമം. “പാകിസ്ഥാന് അപൂർവ ഭൗമ നിധിയുണ്ട്. ഈ നിധി ഉപയോഗപ്പെടുത്തി പാകിസ്ഥാന്‍റെ കടം കുറയ്ക്കും. പാകിസ്ഥാൻ വികസിത സമൂഹമായി മാറും”- അസിം മുനീർ പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള വെടിനിർത്തൽ കരാറിൽ തന്റെ പങ്ക് സംബന്ധിച്ച ആവർത്തിച്ചുള്ള അവകാശവാദം അംഗീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചതോടെ ട്രംപ് പാകിസ്ഥാനുമായി കൂടുതൽ അടുക്കുകയാണ്. നേരത്തെ പാകിസ്ഥാനിലെ എണ്ണപ്പാടങ്ങളുടെ വികസനത്തിന് അമേരിക്ക ചില പദ്ധതികൾ മുന്നോട്ടുവച്ചിരുന്നു. പിന്നാലെയാണ് ധാതു ഖനനം സംബന്ധിച്ച ചർച്ചകളും നടക്കുന്നത്. ചൈനയോടും യുഎസിനുമോടുമുള്ള സൌഹൃദത്തെ കുറിച്ച് ചോദിച്ചപ്പോൾ “ഒരു സുഹൃത്തിനെ മറ്റൊരാൾക്ക് വേണ്ടി ത്യജിക്കില്ല” എന്നാണ് അസിം മുനീർ പറഞ്ഞത്.

വൻ എണ്ണ ശേഖരം കണ്ടെത്തിയെന്ന് നേരത്തെ പാകിസ്ഥാൻ അവകാശപ്പെട്ടത് വലിയൊരു തട്ടിപ്പായിരുന്നു. 2019-ൽ അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കടലിൽ “വലിയ കണ്ടെത്തലിന് സാധ്യതയുണ്ട്” എന്ന് പ്രഖ്യാപിച്ചു. എന്നാൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ, വാതക ശേഖരം കണ്ടെത്തുമെന്ന സ്വപ്നം അധികകാലം നീണ്ടുനിന്നില്ല, പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നാണ് പെട്രോളിയം മന്ത്രാലയം പിന്നീട് പ്രതികരിച്ചത്.