മാമി കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍
കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍.24 വർഷമായി സേനയുടെ ഭാഗമായ കോഴിക്കോട് ക്രൈം ബ്രാഞ്ചിലെ ഡിവൈഎസ്പി യു. പ്രേമനാണ് മുൻകാല അന്വേഷണ മികവിന്റെ അടിസ്ഥാനത്തില്‍ ദേശീയ അംഗീകാരം ലഭിച്ചിരിക്കുന്നത്.
80-ലേറെ ഗുഡ് സർവീസ് എൻട്രിയും 2013-ല്‍ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2017-ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടിയ പ്രേമന് 12 -ലേറെ കൊലക്കേസുകള്‍ തെളിയിച്ച സർവീസ് റെക്കോർഡ് ഉണ്ട്. നീലേശ്വരം രജനി കൊലക്കേസ്, കാഞ്ഞങ്ങാട്ടെ ജാനകിയമ്മ വധക്കേസ്, കൂത്തുപറമ്ബ് രാജൻ വധക്കേസ്, കൊടി സുനി ഉള്‍പ്പെടെയുള്ളവർ പ്രതിയായ തലശ്ശേരി ഇരട്ടക്കൊല, സിപിഎം ബ്രാഞ്ച് സെക്രട്ടറി ലതേഷ് വധക്കേസ്, തലശ്ശേരി നളിനി വധക്കേസ്, ഷുക്കൂർ വധക്കേസ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.
കണ്ണൂർ പെരിങ്ങോത്ത് സ്വദേശിയായ ഇദ്ദേഹം നിലവില്‍ കാഞ്ഞങ്ങാട് ആണ് താമസം. കോണ്‍സ്റ്റബിള്‍ ആയി സർവീസില്‍ പ്രവേശിച്ച പ്രേമൻ നിയമ ബിരുദം സ്വന്തമാക്കിയ ശേഷം എസ്‌ഐ പരീക്ഷയെഴുതി ഉദ്യോഗസ്ഥ സർവീസിലേക്ക് മാറുകയായിരുന്നു. 2003 ആലപ്പുഴ അരൂർ സ്റ്റേഷനില്‍നിന്നാണ് തുടക്കം. തുടർന്ന് ഹോസ്ദുർഗ്, എറണാകുളം ക്രൈം ബ്രാഞ്ച്, നീലേശ്വരം, കുമ്ബള, വളപട്ടണം, തലശ്ശേരി, കൂത്തുപറമ്ബ്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളില്‍ ക്രൈംബ്രാഞ്ചിലും വിജിലൻസിലും ലോക്കല്‍ സ്റ്റേഷനിലുമായി ജോലി ചെയ്തു. ഭാര്യ: എം. സീമ. മക്കള്‍: അശ്വതി പ്രേം, അഭിജിത്ത്.