നിരുത്തരവാദപര ഉത്തരവുകൾ പടച്ചുവിടുന്ന ഉദ്യോഗസ്ഥ മാടമ്പികളെ സർക്കാർ നിലയ്ക്കു നിർത്തണം- എ.എച്ച്.എസ്.ടി.എ
സേവനാവകാശങ്ങൾക്കും, സർവീസ് ചട്ടങ്ങൾക്കും പുല്ലുവില കൽപ്പിച്ചുകൊണ്ട് ,ഹയർസെക്കൻഡറി പ്രിൻസിപ്പാൾമാരാണ് ക്ലാർക്ക് പണി ചെയ്യേണ്ടതെന്നും, അതിനാണ് അവരുടെ പീരിയഡുകൾ കുറവ് ചെയ്തു നൽകിയിരിക്കുന്നതെന്നും പോലെയുള്ള ഉത്തരവുകൾ പടച്ചുവിടുന്ന ഉദ്യോഗസ്ഥ മാടമ്പികളെ സർക്കാർ നിലയ്ക്ക് നിർത്തണമെന്ന് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മാസങ്ങളോളം നീളുന്ന ഏകജാലക പ്രവേശനവും, എണ്ണമറ്റ പരീക്ഷകളുടെ നടത്തിപ്പും, സ്കോളർഷിപ്പുകളുടെയും ഗ്രാന്റുകളുടെയും വിതരണവും, എൻഎസ്എസ്, സ്കൗട്ട്, ഗൈഡ്, എൻസിസി, തുടങ്ങി ഒട്ടേറെ അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളുടെ മേൽനോട്ടവും വഹിക്കുന്ന പ്രിൻസിപ്പാൾ മാരെ അവഹേളിക്കുന്ന തരത്തിലുള്ള ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ആഴ്ചയിൽ 24 ഉംഅതിലേറെയും പീരീഡുകൾ പഠിപ്പിക്കുന്ന ഹയർ സെക്കൻഡറി അധ്യാപകൻ ദിവസം രണ്ടര മണിക്കൂറിൽ താഴെയേ പഠിപ്പിക്കുന്നുള്ളൂ എന്ന് എഴുതി വിട്ടതിലൂടെ, അധ്യാപകരെ പൊതു സമൂഹത്തിനുമുന്നിൽ താറടിച്ചു കാണിക്കാനുള്ള നീക്കം ആണ് നടത്തിയിരിക്കുന്നത്. ക്ലാർക്കും പ്യൂണും മീനിയലും ഒന്നുമില്ലാതെ ഹയർസെക്കൻഡറി വിഭാഗം ഇത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ അധ്യാപകരുടെ പരിശ്രമം ചെറുതല്ല. ആഴ്ചയിൽ 7 പീരിയഡ് മാത്രമുള്ള ഹൈസ്കൂൾ ഹെഡ്മാസ്റ്റർക്ക് ക്ലാർക്ക് പണി ബാധകമല്ലേ എന്നും, ഉത്തരവിറക്കിയവർ വ്യക്തമാക്കണം. സാധാരണക്കാരായ ജീവനക്കാർക്കും, അധ്യാപകർക്കും വർഷങ്ങളായുള്ള ഡിഎ പോലും കുടിശ്ശികയായി തുടരുമ്പോൾ, കൃത്യമായി അതൊക്കെ കൈപ്പറ്റി കൊണ്ടിരിക്കുന്ന ചില വിഭാഗം ഉദ്യോഗസ്ഥരാണ് ഇതിൻ്റെ പിന്നിൽ എന്ന് യോഗം കുറ്റപ്പെടുത്തി
യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ജോസ്,സംസ്ഥാന സെക്രട്ടറി യൂ. ടി അബൂബക്കർ , ജില്ലാ പ്രസിഡന്റ് ഇഫ്തിക്കറുദ്ധീൻ, രഞ്ജിത്ത് വി. കെ ഡോ. പ്രദീപ് കറ്റോഡ്, ഡോ. പ്രവീൺ എ. സി, കെ. സുബൈർ, റോയ് പീറ്റർ,ഷാം കൊണ്ടോട്ടി, അജാസ് തട്ടകം,ഉണ്ണികൃഷ്ണൻ പി. എം.ഡോ. രാജേഷ് എന്നിവർ യോഗത്തിൽ സംസാരിച്ചു