Fincat

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണൻ എൻഡിഎ സ്ഥാനാര്‍ഥി, പ്രഖ്യാപിച്ച്‌ നഡ്ഡ


ന്യൂഡല്‍ഹി: ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ആരംഭിച്ച ബിജെപി ഉന്നത സമിതിയായ പാർലമെന്ററി ബോർഡ് യോഗത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. തമിഴ്നാട് സ്വദേശിയാണ് രാധാകൃഷ്ണൻ.

ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി പദം രാജിവച്ച ഒഴിവിലേക്കാണ് പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് അപ്രതീക്ഷിതമായി ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധൻകർ രാജിവച്ചത്

അതേസമയം ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥിയെ തിങ്കളാഴ്ച നിശ്ചയിച്ചേക്കും. ഇന്ത്യാ സഖ്യ പാർട്ടികളുടെ പാർലമെന്റിലെ നേതാക്കള്‍ രാവിലെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് യോഗം വിളിച്ചിരിക്കുന്നത്.