Fincat

19 വയസുള്ള യുവാക്കൾ, മൂവരും ഒരേ ​ഗ്രാമത്തിലുള്ളവർ, മരിച്ചെന്ന് കരുതി, ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾക്കിടെ തിരികെ വീട്ടിലേക്ക്

വെള്ളപ്പൊക്കത്തിൽ മരിച്ചുവെന്ന് കരുതിയ മൂന്ന് യുവാക്കൾ തങ്ങളുടെ മരണാനന്തര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾക്കിടയിൽ ബിഹാറിലെ വീട്ടിലേക്ക് തിരിച്ചെത്തിയതായി റിപ്പോർട്ട്. അതോടെ അത്യന്തം വേദനാജനകമായ നിമിഷങ്ങൾ സന്തോഷത്തിലേക്ക് വഴിമാറി. ഓഗസ്റ്റ് 5 -ന് ധരാലിയിൽ ഉണ്ടായ ദുരന്തത്തിന് പിന്നാലെ രാഹുൽ മുഖിയ, മുന്ന മുഖിയ, രവി കുമാർ എന്നിവരെ കാണാതാവുകയായിരുന്നു. ഒരു വിവരവും ഇല്ലാത്തതിനെ തുടർന്ന് ഇവർ മരിച്ചതായി‌ വീട്ടുകാരടക്കം എല്ലാവരും കരുതി. എന്നാൽ, എല്ലാവർക്കും അത്ഭുതവും സന്തോഷവും സമ്മാനിച്ചുകൊണ്ട് അവർ ബിഹാറിലെ വെസ്റ്റ് ചമ്പാരനിലെ തങ്ങളുടെ വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

മൂന്ന് യുവാക്കൾക്കും 19 വയസ്സായിരുന്നു പ്രായം. തങ്ങളുടെ മക്കളെക്കുറിച്ച് ഒരു വാർത്തയും ലഭിക്കാതെ വന്നപ്പോൾ അവർ വെള്ളപ്പൊക്കത്തിൽ മരിച്ചുവെന്ന് തന്നെ വീട്ടുകാർ കരുതി. എന്നാൽ, സത്യം അതായിരുന്നില്ല. ദുരന്തം നടക്കുന്ന സമയത്ത് അവർ മൂവരും അവിടെ ഉണ്ടായിരുന്നില്ല.

മൂന്ന് ദിവസം മുമ്പ്, അവർ ജോലിയുമായി ബന്ധപ്പെട്ട് ഗംഗോത്രിയിലേക്ക് പോയതായിരുന്നു. ദുരന്തം നടന്ന സ്ഥലത്ത് നിന്നും ഏകദേശം ആറ് കിലോമീറ്റർ അകലെയായിരുന്നു അത്. മൂവരും സുരക്ഷിതരായിരുന്നുവെങ്കിലും അവർക്ക് ഫോണിൽ വീട്ടുകാരെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.

​’ഗം​ഗോത്രിയിൽ മൊബൈലിന് സി​ഗ്നൽ കിട്ടിയിരുന്നില്ല. ആരെങ്കിലും ഞങ്ങളെ കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നും ഞങ്ങൾക്കറിയുമായിരുന്നില്ല. എന്തിന് വെള്ളപ്പൊക്കമുണ്ടായത് പോലും ഞങ്ങൾ അറിഞ്ഞിരുന്നില്ല’ എന്നാണ് യുവാക്കൾ പറയുന്നത്. ദുരിതബാധിത പ്രദേശത്തും പരിസര പ്രദേശങ്ങളിലും രക്ഷാപ്രവർത്തനത്തിനെയ സൈന്യമാണ് മൂവരെയും കണ്ടെത്തിയതെന്നും റിപ്പോർട്ടുണ്ട്. മൂന്ന് പേരെയും ഹെലികോപ്റ്റർ വഴി ഡെറാഡൂണിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അവർ ഹരിദ്വാറിലും ഒടുവിൽ ബിഹാറിലെ ​ഗ്രാമത്തിലും എത്തി.

‘അവരുടെ ഒരു വിവരവും ഇല്ലായിരുന്നു. പലരും പറഞ്ഞത് ആ വെള്ളപ്പൊക്കത്തിൽ പെട്ടവർ രക്ഷപ്പെടാൻ സാധ്യത കുറവാണ് എന്നാണ്. എന്നാൽ, മരണാനന്തരചടങ്ങുകൾക്കുള്ള ഒരുക്കം നടക്കുന്നതിനിടെ അവർ തിരികെ വന്നു’ എന്ന് യുവാക്കളുടെ കുടുംബാം​ഗങ്ങൾ പറയുന്നു. വളരെ വൈകാരികമായ മുഹൂർത്തമാണ് ഇത് വീട്ടുകാർക്കും യുവാക്കൾക്കും സമ്മാനിച്ചത്.