കുടുംബപ്രശ്നം, സഹോദരിയുടെ ഭർത്താവിനെ കുത്തിയ കൊക്ക് ഷിജു അറസ്റ്റിൽ
സഹോദരിയുടെ ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ആര്യനാട് തോളൂർ സ്വദേശിയായ രതീഷിനെയാണ് കൊക്ക് ഷിജു എന്ന സിജു കുമാർ കുത്തിപ്പരിക്കേൽപ്പിച്ചത്. ഓഗസ്റ്റ് നാലിന് രാത്രി എട്ട് മണിയോടെ ആര്യനാട് വില്ലേജിൽ തോളൂർ മുതുവണ്ടാൻകുഴി എൽ.പി സ്‌കൂളിന് സമീപമുള വിമലാ ഭവനിൽ അതിക്രമിച്ച് കയറിയാണ് സിജു കുമാർ ആക്രമണം നടത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് വാക്കുതർക്കമുണ്ടാകുകയും രതീഷിനെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. രതീഷിനെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആക്രമണശേഷം ഇയാൾ ഒളിവിൽ പോയി. വധശ്രമക്കേസുകളിൽ പ്രതിയായ ഇയാൾ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുൾപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു.
ആര്യനാട് എസ്എച്ച്ഒ ശ്യാംരാജ് ജെ.നായരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഷാഡോ ടീമംഗങ്ങളായ എസ്ഐ ഹരിലാൽ,സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിബു എന്നിവരും ആര്യനാട് സ്റ്റേഷനിലെ മനോജ്,രാജേഷ്,രഞ്ജിത്ത് എന്നിവരുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.