12 വർഷമായി നാട്ടിൽ പോയിട്ടില്ല, ഒടുവിൽ മടക്കയാത്രയുടെ തലേദിവസം മരണം, മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
 റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമില്‍ മരിച്ച ദിലീപ് കുമാറിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി. 12 വർഷമായി നാട്ടിൽ പോകാതിരുന്ന കൊല്ലം നിലമേൽ സ്വദേശി ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി (58) ആണ് നാട്ടിൽ പോകുന്നതിന്റെ തലേദിവസം മരിച്ചത്.

വർക് ഷോപ്പ് ജീവനക്കാരനായ ദിലീപ് ഒമ്പത് വർഷമായി താമസരേഖയും മെഡിക്കൽ ഇൻഷുറൻസും ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ അസുഖ ബാധിതനായ ഇദ്ദേഹത്തെ കെഎംസിസി കാരുണ്യ വിഭാഗം പ്രവർത്തകൻ അഷ്റഫ് കണ്ണൂരിന്റെ നേതൃത്വത്തിൽ ചികിത്സ സൗകര്യങ്ങൾ നൽകി നാട്ടിലേക്ക് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്ത്യൻ എംബസി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടന്റെയും മഞ്ജുവിന്റെയും നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച ഫൈനൽ എക്സിറ്റും നേടി.
ഒടുവിൽ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് പുലർച്ചയോടെ മരിച്ചത്. പന്ത്രണ്ട് വർഷം മുമ്പ് ദിലീപിന്റെ ഭാര്യയും പിന്നീട് അമ്മയും മരിച്ചു. തുടർന്നാണ് നാട്ടിലേക്കുള്ള പോക്കുവരവുകൾ നിന്നത്. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തിച്ചു.