പുസ്തകമായി മനുഷ്യര്‍; കേട്ടറിയാൻ ‘ഹ്യൂമൻ ലൈബ്രറി’
കോട്ടയം: കോട്ടയത്ത് ‘ഹ്യൂമൻ ലൈബ്രറി’യൊരുങ്ങുന്നു. സംസാരിക്കുന്ന മനുഷ്യർ ‘പുസ്തക’ങ്ങളാകുന്ന വായനശാല. കാലവും ചരിത്രവും സംസ്കാരവും അനുഭവങ്ങളും ജീവിതത്തിന്റെ ഭ്രമാത്മകമായ നിഗൂഢതകളും വിഹ്വലതകളും ബന്ധങ്ങളുടെ ആർദ്രതയും തീവ്രതയും ഇവിടെ മനുഷ്യർ പറയും.അനുഭവവും അതിജീവനവുമൊക്കെ മറ്റുള്ളവരുടെ മുമ്ബില്‍ പ്രതിഫലേച്ഛകൂടാതെ സത്യസന്ധമായി തുറന്നുപറയാനും അവരുടെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കാനും തയ്യാറാകുന്ന ആർക്കും ‘ഹ്യൂമൻ ലൈബ്രറി’യിലൂടെ ‘സ്വയം പുസ്തക’മാകാം. സ്ഥിരമായി ഒരു സ്ഥലത്തായിരിക്കില്ല പ്രവർത്തനം. ജില്ലയിലെ എതെങ്കിലും സ്കൂളുകളിലോ ലൈബ്രറികളിലോ ഹാളുകളിലോ മാറിമാറിയാകും. കോട്ടയം ദർശന സാംസ്കാരികകേന്ദ്രം, റൂബി ജൂബിലിയുടെ ഭാഗമായി കോട്ടയം ഡ്രീം സെറ്റേഴ്സിന്റെ സഹകരണത്തോടെ സെപ്റ്റംബർ ആദ്യവാരമാണ് ഹ്യൂമൻ ലൈബ്രറി തുടങ്ങുക.
നമുക്കുചുറ്റും വ്യത്യസ്ത അനുഭവങ്ങള്‍ അതിജീവിച്ചവരുണ്ട്; അവർക്ക് പറയാനേറെ വിഷയങ്ങളും. ആ വിവരങ്ങള്‍ അവരിലൊതുങ്ങിപ്പോകാതെ മറ്റുള്ളവരിലേക്കെത്തിക്കുകയാണ് ഹ്യൂമൻ ലൈബ്രറിയുടെ ലക്ഷ്യമെന്ന് ദർശന ഡയറക്ടർ ഫാ. എമില്‍ പുള്ളിക്കാട്ടിലും ഡ്രീം സെറ്റേഴ്സ് ഡയറക്ടർ എ.പി. തോമസും പറയുന്നു.
ഡെൻമാർക്കിലാണ് ആദ്യമായി ഹ്യൂമൻ ലൈബ്രറി തുടങ്ങിയത്. അനുഭവജ്ഞാനമുള്ള ഒരു വ്യക്തി സംസാരിക്കുമ്ബോള്‍ അച്ചടിച്ച അറിവുകള്‍ക്ക് അതീതമായ വിജ്ഞാനം ലഭിക്കും. അവരുടെ തീക്ഷ്ണാനുഭവം പുസ്തകത്തിലൊതുക്കാനാകില്ല. അതൊരുപക്ഷേ, ഉരുള്‍പൊട്ടലില്‍ വീടും കുടുംബവും നഷ്ടപ്പെട്ടവരാകാം. വിവിധ ദുരന്തങ്ങളുടെ ഇരകളാകാം. മദ്യ-ലഹരി മരുന്ന് ആസക്തിയെ അതിജീവിച്ചവരാകാം. ഒരു മോഷ്ടാവിന് മാനസാന്തരം വന്നതാകാം. ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം ചെയ്തവരാകാം. പഠിക്കാൻ പറ്റാത്ത സാഹചര്യത്തില്‍ വളർന്ന് ഉന്നതിയിലെത്തിയവരാകാം. ഭിന്നശേഷിക്കാരെങ്കിലും സ്വയംതൊഴില്‍ കണ്ടെത്തി ജീവിക്കുന്നവരാകാം. അവരുടെ ജീവിതകഥകള്‍ ഒരുപക്ഷേ മറ്റുള്ളവർക്ക് പ്രചോദനമായേക്കാം. അനുഭവങ്ങള്‍ പങ്കുവെക്കാൻ തയ്യാറുള്ളവർക്ക് 9447114328 എന്ന നമ്ബറില്‍ രജിസ്റ്റർ ചെയ്യാം.
നല്ലൊരു തെറാപ്പിയാണ്
നിസ്സാരമായ തോല്‍വികളില്‍, തിരിച്ചടികളില്‍, ഒറ്റപ്പെടലുകളില്‍ ആകുലമാവുന്ന മനസ്സുകള്‍ക്ക് നല്ലൊരു തെറാപ്പികൂടിയാണ് മനുഷ്യപുസ്തകങ്ങള്‍.
-ഫാ. എമില്‍ പുള്ളിക്കാട്ടില്‍
നല്ലതാണ് ഹ്യൂമൻ ലൈബ്രറി
തോല്‍വിയില്‍നിന്ന് പടവെട്ടി വന്നവരെക്കുറിച്ച് അറിയാൻ ഏറ്റവും മികച്ചത് ഹ്യൂമൻ ലൈബ്രറിയാണ്. ആദ്യഘട്ടത്തില്‍ മാസത്തില്‍ രണ്ട് പ്രാവശ്യം നടത്തും. പിന്നീട് മറ്റ് സംഘടനകളുമായി ചേർന്ന് കൂടുതല്‍ ദിവസങ്ങളിലേക്ക് വിപുലീകരിക്കും.
-എ.പി. തോമസ്