വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവം; ‘അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് അധ്യാപകൻ സമ്മതിച്ചു’, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
കാസര്‍കോട് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അധ്യാപകൻ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതിനിടെ, വിദ്യാര്‍ത്ഥിയെ അധ്യാപകൻ അടിച്ചെന്ന് സമ്മതിച്ചതായി പിടിഎ പ്രസിഡന്‍റ് വ്യക്തമാക്കി. അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് ഹെഡ്‍മാസ്റ്റര്‍ വിശദീകരിച്ചെന്നും പിടിഎ പ്രസിഡന്‍റ് എം മാധവൻ പറഞ്ഞു. കുട്ടിക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടില്ലെന്നും എം മാധവൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ബിജെപിയും യൂത്ത് കോണ്‍ഗ്രസും അടക്കമുള്ളവര്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ജുവനൈൽ പോലീസ് നോഡൽ ഓഫീസറോടും അടിയന്തിര റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. നാളെ കുട്ടിയുടെ വീട്ടിൽ കമ്മീഷൻ സന്ദർശനം നടത്തും. മാധ്യമ വാർത്തകളെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്. ഇതിനിടെ വിദ്യാഭ്യാസ വകുപ്പ് ഡിഡിഇ ടിവി മധുസൂദനൻ സ്കൂളിൽ പരിശോധനയ്ക്കെത്തി. ഇന്ന് അവധിയിലായ അധ്യാപകൻ എം അശോകന്‍റെ മൊഴി പിന്നീട് രേഖപ്പെടുത്തും
വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷന് പരാതി നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം. കുട്ടിയെ അസംബ്ലിയിൽ വെച്ച് അടിക്കുന്നത് കണ്ട അനിയത്തിക്ക് മാനസിക വിഷമം മൂലം ഛർദിയും തലകറക്കവുമുണ്ടായെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല് കാല് കൊണ്ട് നീക്കിയതിന് കുട്ടിയെ ഹെഡ്മാസ്റ്റർ ചെവിക്ക് അടിച്ചത്.
സംഭവത്തിൽ വിശദമായ പരിശോധന നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആസംബ്ലി നടക്കുമ്പോൾ കാല് കൊണ്ട് ചരൽ നീക്കി എന്ന് പറഞ്ഞാണ് മർദ്ദനം. എന്നാൽ, ഇതുവരെ പൊലീസിൽ പരാതി ഒന്നും കൊടുത്തിട്ടില്ല. ഇക്കാര്യത്തിൽ വിശദമായി പരിശോധന നടക്കും. കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കും. അദ്ധ്യാപകര്‍ ശത്രുക്കൾ അല്ല. എന്നാൽ,എന്നാൽ കുട്ടികളെ ഉപദ്രവിക്കുന്ന നില ഉണ്ടാകരുതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കാസർകോട് കുണ്ടം കുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഹെഡ്മാസ്റ്റർ വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിക്കുകയായിരുന്നു. അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല് കാല് കൊണ്ട് നീക്കി എന്ന കാരണത്താലാണ് കുട്ടിയെ അടിച്ചത്. അസംബ്ലി നടക്കുന്നതിനിടെ കുട്ടിയെ മുന്നിലേക്ക് വിളിച്ച് വിദ്യാർത്ഥികളുടെയെല്ലാം മുന്നിൽ വച്ച് കോളറിൽ പിടിച്ചുവെന്നും ചെവി അടക്കി മുഖത്ത് അടിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു.