മഹാരാഷ്ട്രയില്‍ പേമാരി: മുംബൈ പ്രളയഭീതിയില്‍, വിമാനങ്ങള്‍ വൈകുന്നു; മഴ കനക്കുമെന്ന് മുന്നറിയിപ്പ്
മുംബൈ: തുടർച്ചയായി പെയ്യുന്ന മഴയില്‍ വലഞ്ഞ് മുംബൈ അടക്കം മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങള്‍. ചൊവ്വാഴ്ച വൈകിയും മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.24 മണിക്കൂറിനിടെ മുംബൈയില്‍ ലഭിച്ചത് 300 മില്ലിമീറ്റർ മഴയാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ എസ്ഡിആർഎഫിനെയും എൻഡിആർഎഫിനെയും വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
കനത്ത മഴ റോഡ്, റെയില്‍ ഗതാഗതങ്ങള്‍ക്കൊപ്പം വിമാന സർവീസുകളെയും ബാധിച്ചു. എട്ടുവിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തുന്നത്. സൂറത്ത്, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.
മുംബൈയിലേക്കുള്ള ലോക്കല്‍, ദീർഘദൂര ട്രെയിനുകള്‍ താനെ സ്റ്റേഷനില്‍ സർവീസ് അവസാനിപ്പിച്ചു. പൊതുജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുംബൈ പോലീസ് നിർദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങളോട് വർക്ക് ഫ്രം ഹോം സംവിധാനം തുടരാൻ നിർദേശമുണ്ട്.
മിഠി നദി കരകവിഞ്ഞതിനാല്‍ കുർള പ്രദേശത്തുള്ള 350 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ചൊവ്വാഴ്ചയും സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരുന്നു. സർക്കാർ, അർദ്ധസർക്കാർ ഓഫീസുകളും അടഞ്ഞുതന്നെ കിടന്നു.
ബോംബെ ഹൈക്കോടതി ഉച്ചയ്ക്ക് 12.30 വരെ മാത്രമേ പ്രവർത്തിച്ചുള്ളൂ. ബോറിവാലി, സിയോണ്‍, ദാദർ, അന്ധേരി, ചെമ്ബുർ എന്നീ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാത്രി പെയ്ത മഴ ചൊവ്വാഴ്ച രാവിലെവരെ നീണ്ടു. ഇതോടെ ഗാന്ധിമാർക്കറ്റ് അടക്കമുളള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്.
മുംബൈയില്‍ വരുംമണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് വിവരം. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുംബൈ, താനെ, റായ്ഗഢ്, രത്നഗിരി, പല്‍ഘാർ എന്നീവിടങ്ങളില്‍ ബുധനാഴ്ച വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റായ്ഗഢ് ജില്ലയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ 75-കാരിയായ വിധ മോട്ടിറാം ഗായ്കർ എന്ന സ്ത്രീ മരിച്ചു.