മലപ്പുറം നഗരസഭയിലെ വോട്ടർപട്ടിക ക്രമക്കേട്; അങ്കണവാടി കെട്ടിട വിലാസത്തിൽ മൂന്ന് വോട്ട്; കൂടുതൽ തെളിവുകളുമായി UDF
മലപ്പുറം നഗരസഭയിലെ വോട്ടർപട്ടിക ക്രമക്കേടിന്റെ കൂടുതൽ തെളിവുകളുമായി യുഡിഎഫ്. മൂന്ന് വോട്ടുകളാണ് കള്ളാടിമുക്കിലെ അങ്കണവാടി കെട്ടിടത്തിൽ ചേർത്തിരിക്കുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനേയും ഹൈക്കോടതിയെയും സമീപിക്കുമെന്നും, വ്യാപക തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നും നഗരസഭ ചെയർമാൻ മുജീബ് കാടേരി ട്വന്റിഫോറിനോട് പറഞ്ഞു.
മുഹമ്മദ് അയ്മൻ, നസീർ , റഹീമ എന്നിവരെയാണ് അംഗനവാടി കെട്ടിടത്തിൽ ചേർത്തിരിക്കുന്നത്. 18 വയസ്സ് തികയാത്ത ആളുകളെ തിരിച്ചറിയൽ രേഖയിൽ കൃത്രിമം കാണിച്ച് സിപിഐഎം വോട്ടർപട്ടികയിൽ ചേർത്തു എന്നാണ് യുഡിഎഫ് ആരോപണം. ഇവയുടെ തെളിവുകൾ അടക്കം ജില്ലാ പോലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി. വോട്ടർപട്ടികയിൽ കൃത്രിമത്വം നടത്തിയെന്നതിന്റെ കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
2007ൽ ജനിച്ചവരെ 2006 എന്നാക്കി എസ്എസ്എൽസി ബുക്കിലും ജനന സർട്ടിഫിക്കറ്റിലും തിരുത്തൽ നടത്തി വോട്ടർപട്ടികയിൽ ചേർത്തതിന്റെ തെളിവുകളും ഇന്നലെ പുറത്തുവന്നിരുന്നു. ഇതിൽ എട്ട് തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കൃത്യമായ അന്വേഷണം വേണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.