മുംബൈ മോണോറെയില്‍ ട്രെയിൻ യാത്രയ്ക്കിടെ ഉയരപ്പാതയില്‍ നിന്നു; നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു
മുംബൈ: വൈദ്യുതിതകരാർ കാരണം മുംബൈയിലെ മോണോറെയില്‍ ട്രെയിൻ യാത്രയ്ക്കിടെ നിശ്ചലമായി. ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ വാഷിഗാവ് മേഖലയിലാണ് സംഭവം.ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കില്‍ നിന്നുപോയത്. ഇതോടെ യാത്രക്കാർ ഏറെനേരമായി ട്രെയിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്ക് ഇറക്കുന്നുണ്ട്.
വൈദ്യുതിവിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയർകണ്ടീഷൻ സംവിധാനവും തകരാറിലായി. ട്രെയിനിന്റെ വാതിലുകളും തുറക്കാൻ കഴിഞ്ഞിരുന്നില്ല. നിറയെ യാത്രക്കാരുണ്ടായതിനാല്‍ എസി സംവിധാനം തകരാറിലായതോടെ പലർക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
മുംബൈയില്‍ തുടരുന്ന കനത്ത മഴയില്‍ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. 24 മണിക്കൂറിനിടെ മുംബൈയില്‍ ലഭിച്ചത് 300 മില്ലിമീറ്റർ മഴയാണ്. ഇത് റോഡ്, റെയില്‍ ഗതാഗതങ്ങള്‍ക്കൊപ്പം വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. എട്ടുവിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തുന്നത്. മുംബൈയിലേക്കുള്ള ലോക്കല്‍, ദീർഘദൂര ട്രെയിനുകള്‍ താനെ സ്റ്റേഷനില്‍ സർവീസ് അവസാനിപ്പിച്ചിരിക്കുകയാണ്.