യുക്രെയ്ൻ സമാധാന കരാറിൽ തീരുമാനമായില്ല; പ്രഖ്യാപനങ്ങളില്ലാതെ ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച അവസാനിച്ചു
യുക്രെയ്ൻ സമാധാനകരാറിൽ തീരുമാനമായില്ല. പ്രഖ്യാപനങ്ങളില്ലാതെ ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച അവസാനിച്ചു. അമേരിക്ക- റഷ്യ- യുക്രെയ്ൻ ത്രികക്ഷിചർച്ചയ്ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പിടിച്ചെടുത്ത പ്രവിശ്യകൾ വിട്ടുകൊടുക്കുന്നതിൽ ഉൾപ്പെടെ തീരുമാനം ത്രികക്ഷി ചർച്ചയിൽ ഉണ്ടായേക്കും. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഡോണൾഡ് ട്രംപിനെ അറിയിച്ചെന്നാണ് വിവരം.
കൂടിക്കാഴ്ചയ്ക്ക് ഉടൻ അവസരം ഒരുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ചർച്ചയ്ക്കിടെ ട്രംപ് പുടിനെ വിളിച്ച് 40 മിനിറ്റോളം സംസാരിച്ചെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. സെലൻസ്കി-പുടിൻ കൂടിക്കാഴ്ച രണ്ടാഴ്ചക്കകം നടന്നേക്കുമെന്നാണ് വിവരം. സമാധാന കരാറിലെത്താൻ യുക്രെയ്നും റഷ്യയും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. ഇരുപക്ഷവും തമ്മിലുളള ആശയവിനിമയം യുഎസ് ഉറപ്പാക്കുമെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.
ട്രംപ്-സെലൻസ്കി കൂടിക്കാഴ്ചയ്ക്ക് മുമ്പായി യുക്രെയ്നിൽ റഷ്യ ആക്രമണം നടത്തിയിരുന്നു. കാർഖീവിലെ കെട്ടിടസമുച്ചയത്തിന് നേരെ നടന്ന റഷ്യൻ ആക്രമണത്തിൽ അടക്കം യുക്രെയ്നിൽ 14 പേർ കൊല്ലപ്പെട്ടതായാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ കാർഖീവിലെ അഞ്ച് നിലയുള്ള കെട്ടിടസമുച്ചയത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നു. ഇതിനെ തുടർന്ന് കെട്ടിടത്തിൻ്റെ മൂന്ന് നിലകളിൽ തീപിടുത്തമുണ്ടായി എന്നാണ് പ്രദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കുട്ടികൾ അടക്കം ഏഴ് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും 23ഓളം പേർക്ക് പരിക്കേറ്റെന്നുമാണ് അധികൃതർ നൽകിയ വിവരം.
റഷ്യൻ അതിർത്തിയോട് ചേർന്ന നഗരത്തിന് നേരെ ഉണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 11ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സാപൊറീഷ്യ മേഖലയിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.