Fincat

അടിയന്തരാവസ്ഥക്കാലത്ത് ഒരുകോടിയിലേറെപേര്‍ വന്ധ്യംകരണത്തിന് വിധേയരായി- ലോക്സഭയില്‍ നിത്യാനന്ദ് റായ്


ന്യൂഡല്‍ഹി: 1975-77 ലെ അടിയന്തരാവസ്ഥക്കാലത്ത് ഒരുകോടിയിലധികം പേർ വന്ധ്യംകരണത്തിന് വിധേയരാക്കപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്.ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി അന്നത്തെ ഇന്ദിരാ ഗാന്ധി സർക്കാർ ലക്ഷ്യമിട്ടിരുന്നത് 67.40 ലക്ഷംപേരെ വന്ധ്യംകരിക്കാനായിരുന്നെന്നും എന്നാല്‍, ഈ ലക്ഷ്യം മറികടന്ന് 1.07 കോടിയിലധികംപേർ അക്കാലത്ത് വന്ധ്യംകരണത്തിന് വിധേയരായെന്നും ലോക്സഭയില്‍ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി വ്യക്തമാക്കി.

ജസ്റ്റിസ് ജെ.സി. ഷാ കമ്മിഷൻ റിപ്പോർട്ടില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി മറുപടി നല്‍കിയത്. നിർബന്ധിത കുടുംബാസൂത്രണം ഉള്‍പ്പെടെ അടിയന്തരാവസ്ഥക്കാലത്തെ ക്രൂരതകളെയും ക്രമക്കേടുകളെയും കുറിച്ച്‌ അന്വേഷിക്കാൻ 1977 മേയ് 28-നാണ് ജെ.സി. കമ്മിഷനെ നിയമിച്ചത്. അവിവാഹിതരെ വന്ധ്യംകരണത്തിന് വിധേയരാക്കിയെന്ന് ആരോപിച്ചുള്ള 548 പരാതികളും വന്ധ്യംകരണത്തിനിടെ 1774 മരണം സംഭവിച്ചെന്ന പരാതികളും കമ്മിഷന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

1975-76 കാലത്ത് 24,85,000 വന്ധ്യംകരണങ്ങള്‍ സാധ്യമാക്കാനായിരുന്നു സർക്കാർ ലക്ഷ്യം. എന്നാല്‍, ഈ ലക്ഷ്യം മറികടക്കപ്പെടുകയും ഇക്കാലയളവില്‍ 26,24,755 ശസ്ത്രക്രിയകള്‍ നടക്കുകയും ചെയ്തു. 1976-77 കാലത്ത് സർക്കാർ ലക്ഷ്യം 42,55,500 വന്ധ്യംകരണമായിരുന്നു. എന്നാല്‍, ഇക്കാലയളവില്‍ നടന്നത് 81,32,209 ശസ്ത്രക്രിയകളായിരുന്നെന്നും കമ്മിഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. സർക്കാർ നിശ്ചയിച്ച ലക്ഷ്യത്തേക്കാള്‍ വന്ധ്യംകരണത്തില്‍ 59 ശതമാനത്തില്‍ അധികം വർധനയാണുണ്ടായത്.