പരിധിയിലധികം യാത്രക്കാര്‍, ഭാരംകാരണം ട്രെയിൻ ചരിഞ്ഞു’; മുംബൈ മോണോ റെയിലില്‍ ഭീതിയുടെ മണിക്കൂറുകള്‍
മുംബൈ: മോണോ റെയില്‍ ട്രെയിൻ തകരാറിലകാൻ കാരണം പിരിധിയിലേറെ യാത്രക്കാർ കയറിയതിനാലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ.അമിതഭാരം കാരണം ട്രെയിൻ ഒരു വശത്തേക്ക് ചെരിഞ്ഞു. ഇത് സാങ്കേതിക തരകാറിലേക്ക് നയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ മൈസൂർ കോളനി സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ഇരുന്നൂറോളം യാത്രക്കാരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. 70 മുതല്‍ 75 യാത്രക്കാർ വരെ ഒരു കോച്ചില്‍ ഉണ്ടായിരുന്നുവെന്ന് ഷിന്ദെ പറഞ്ഞു. രണ്ട് മണിക്കൂറിലേറെയാണ് യാത്രക്കാർ കുടുങ്ങിക്കിടന്നത്. പിന്നീട് ഇവരെ അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി കൂറ്റൻ ക്രെയിൻ ഉപയോഗിച്ചാണ് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
വൈദ്യുതിവിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയർകണ്ടീഷൻ സംവിധാനവും തകരാറിലായി. ട്രെയിനിന്റെ വാതിലുകള്‍ തുറക്കാൻ കഴിഞ്ഞില്ല. നിറയെ യാത്രക്കാരുണ്ടായിരുന്നതിനാല്‍ എസി സംവിധാനം തകരാറിലായതോടെ പലർക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ടെക്നീഷ്യൻമാർ എത്തി ഏറെനേരം പരിശ്രമിച്ചശേഷമാണ് വാതിലുകള്‍ തുറക്കാനായതെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
മുംബൈയില്‍ കനത്തമഴയെത്തുടർന്ന് മുംബൈ നഗരത്തിലെ പലയിടങ്ങളും വെള്ളക്കെട്ടിലാണ്. ഇതേത്തുടർന്ന് പല ലോക്കല്‍ ട്രെയിൻ സർവീസുകളും നിർത്തിവെച്ചിരുന്നു. ഇതോടെ ട്രെയിൻ യാത്രക്കാർ പലരും മോണോ റെയിലിനെ ആശ്രയിച്ചു. ഇത് തിരക്ക് വർധിക്കാൻ കാരണമായെന്നും ഏക്നാഥ് ഷിന്ദെ പറഞ്ഞു.
യാത്രക്കാരുടെ അമിതഭാരം കാരണം റെയില്‍ ഒരു വശത്തേക്ക് ചെരിഞ്ഞുവെന്നും ഇതാണ് സാങ്കേതിക പ്രശ്നത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം അന്വേഷിച്ചുവരികയാണ്. എല്ലാ യാത്രക്കാരുടേയും ആരോഗ്യം പരിശോധിച്ച് സുരക്ഷിതമായി വീട്ടിലെത്തുന്നുവെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ നിർദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈയില്‍ തുടരുന്ന കനത്ത മഴയില്‍ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. 24 മണിക്കൂറിനിടെ മുംബൈയില്‍ ലഭിച്ചത് 300 മില്ലിമീറ്റർ മഴയാണ്. ഇത് റോഡ്, റെയില്‍ ഗതാഗതങ്ങള്‍ക്കൊപ്പം വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. എട്ടുവിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തുന്നത്.