ജോലിക്ക് കയറാൻ റോഡിലൂടെ നടന്ന് പോയ ഗർഭിണിയായ മലയാളി യുവതിയെ ചീറിപ്പാഞ്ഞെത്തിയ വണ്ടി ഇടിച്ചു, ഗർഭസ്ഥ ശിശു മരിച്ചു, പ്രതിക്ക് 13 വർഷം തടവ്
യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ലങ്കാഷെർ ബാബർ ബ്രിജിന് സമീപത്തെ പ്രസ്റ്റണിലായിരുന്നു സംഭവം ഉണ്ടായത്.
രഞ്ജു ജോസഫ് എന്ന 31കാരിക്കാണ് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റതും തുടര്‍ന്ന് ഗർഭസ്ഥ ശിശു മരണപ്പെട്ടതും. അഞ്ച് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചത്. 20കാരനായ ആഷിര്‍ ഷാഹിദ് ഓടിച്ച വാഹനമിടിച്ചാണ് രഞ്ജുവിന് പരിക്കേറ്റത്. കഴിഞ്ഞ സെപ്തംബറിലാണ് സംഭവം ഉണ്ടായത്.
ലങ്കാഷയറില്‍ കെയർ ഹോമിൽ രാത്രി ഷിഫ്റ്റിൽ ജോലിയിൽ കയറാനായി കാൽനട യാത്രക്കാർക്കുള്ള സീബ്ര ക്രോസിങ്ങിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം രഞ്ജു ജോസഫിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ രഞ്ജു ജോസഫിന് നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയയിലൂടെ അഞ്ചു മാസം പ്രായമുള്ള ആൺകുഞ്ഞിനെ പുറത്തെടുത്തെങ്കിലും വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങി. ഗ്രേറ്റർ മാഞ്ചസ്റ്ററിലേക്ക് വാഹനം ഓടിച്ചുപോയ പ്രതി ഫാർൻവർത്തിൽ വാഹനം ഉപേക്ഷിച്ച് മുങ്ങി. അപകടത്തെ തുടർന്ന് രണ്ടാഴ്ച രഞ്ജു കോമയിൽ കഴിഞ്ഞു. അമിതവേഗത്തിലാണ് പ്രതി വാഹനം ഓടിച്ചത്.