Fincat

ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് പിന്നിലെ കാണാ ഫീസ്: എന്താണ് ഇന്റര്‍ചേഞ്ച് ഫീ?

നിങ്ങള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ പല സാമ്പത്തിക നിബന്ധനകളും നിരക്കുകളും കേട്ടിട്ടുണ്ടാകാം. എന്നാല്‍ ഇന്റര്‍ചേഞ്ച് ഫീ എന്ന വാക്ക് പരിചിതമാണോ? ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടതും, അതുപോലെ ഉപഭോക്താക്കള്‍ അധികം ശ്രദ്ധിക്കാത്തതുമായ ഒരു നിരക്കാണിത്. ഓരോ തവണയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു സാധനം വാങ്ങുമ്പോള്‍, വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കുന്നു. വ്യാപാരിയുടെ ബാങ്ക് (അക്വയറിംഗ് ബാങ്ക്) ഈ ഫീസ് വ്യാപാരിക്ക് നല്‍കേണ്ട തുകയില്‍ നിന്ന് കിഴിവ് വരുത്തിയാണ് ഈടാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ തമ്മില്‍ കൈമാറുന്ന ഈ ഫീസ്, കാര്‍ഡ് ഉടമയുടെ ബാങ്കിന്റെ (ഇഷ്യൂവര്‍) ക്രെഡിറ്റ് ലൈനുമായി ബന്ധപ്പെട്ട ചെലവുകളും തട്ടിപ്പുകള്‍ തടയുന്നതിനുള്ള ചെലവുകളും ഉള്‍ക്കൊള്ളുന്നു. സാധാരണയായി, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഇടപാട് തുകയുടെ 2% ആണ് ഇന്റര്‍ചേഞ്ച് ഫീസ്. എന്നാല്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ഇത് 0.3% മാത്രമാണ്. യൂറോപ്യന്‍ യൂണിയന്‍ , ഓസ്ട്രേലിയ തുടങ്ങിയ മിക്ക വികസിത രാജ്യങ്ങളിലും ഇത് 0.3% – 0.5% വരെയാണ്.

നിരക്കുകള്‍ തീരുമാനിക്കുന്ന ഘടകങ്ങള്‍

ഇന്റര്‍ചേഞ്ച് ഫീസ് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കാര്‍ഡിന്റെ തരം (ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ്), വ്യാപാരിയുടെ തരം, ഇടപാടിന്റെ സ്വഭാവം (ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഫിസിക്കല്‍), കാര്‍ഡ് ഉപയോഗിക്കുന്ന പ്രദേശം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പേയ്‌മെന്റ് നെറ്റ്വര്‍ക്ക് പരിപാലിക്കുന്നതിനും, ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിനും, ഉപഭോക്താക്കള്‍ക്കുള്ള റിവാര്‍ഡ് പ്രോഗ്രാമുകള്‍ക്ക് പണച്ചെലവ് കണ്ടെത്താനും ഈ ഫീസ് ബാങ്കുകളെ സഹായിക്കുന്നു.

ആരാണ് ഫീസ് നല്‍കുന്നത്?

ഇന്റര്‍ചേഞ്ച് ഫീസ് സാധാരണയായി ഇടപാട് തുകയുടെ ഒരു ശതമാനമാണ്. ഉദാഹരണത്തിന്, 10,000 രൂപയുടെ ഒരു സാധനം വാങ്ങുന്നു, ഇടപാടിന്റെ ഇന്റര്‍ചേഞ്ച് ഫീസ് 2% ആണെങ്കില്‍, വ്യാപാരിക്ക് മുഴുവന്‍ തുകയും ലഭിക്കില്ല. ഈ സാഹചര്യത്തില്‍, 200 രൂപ കിഴിവ് വരുത്തി വ്യാപാരിക്ക് 9,800 രൂപയായിരിക്കും ലഭിക്കുക. ഈ 200 രൂപ ഇന്റര്‍ചേഞ്ച് ഫീസ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക്, പേയ്‌മെന്റ് നെറ്റ്വര്‍ക്ക് , വ്യാപാരിയുടെ ബാങ്ക് (അക്വയറിംഗ് ബാങ്ക്), പോയിന്റ് ഓഫ് സെയില്‍ അല്ലെങ്കില്‍ പേയ്‌മെന്റ് ഗേറ്റ്വേ എന്നിവര്‍ പങ്കുവെക്കുന്നു. ഇടപാടിന് ക്രെഡിറ്റ് നല്‍കുകയും പണം ഉപഭോക്താവില്‍ നിന്ന് തിരികെ ശേഖരിക്കാനുള്ള റിസ്‌ക് ഏറ്റെടുക്കുകയും ചെയ്യുന്നതിനാല്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്കിനാണ് ഈ ഫീസിന്റെ ഭൂരിഭാഗവും (70%-80%) ലഭിക്കുന്നത്.

വ്യാപാരികള്‍ ഈ ഫീസ് അവരുടെ അക്വയറിംഗ് ബാങ്കിനാണ് നല്‍കുന്നത്. തുടര്‍ന്ന് ഈ തുക കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്കിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മിക്ക വ്യാപാരികളും ഈ നിരക്ക് സ്വയം ഏറ്റെടുക്കുന്നു. എന്നാല്‍ ചില വ്യാപാരികള്‍, ഡെബിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ക്ക് ഫീസ് കുറവായതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കുന്നത് ഒഴിവാക്കാറുണ്ട്. ചില വ്യാപാരികള്‍ ഈ ഫീസ് ഉപഭോക്താവിന്റെ ബില്ലിലേക്ക് ചേര്‍ത്ത് കൈമാറുന്ന രീതിയും നിലവിലുണ്ട്.

ഇന്റര്‍ചേഞ്ച് ഫീസില്‍ വ്യത്യാസങ്ങളുണ്ടോ?

ഓരോ ഇടപാടുകള്‍ക്കും ഇന്റര്‍ചേഞ്ച് ഫീസ് വ്യത്യാസപ്പെടാം. മെര്‍ച്ചന്റ് കാറ്റഗറി കോഡ്അടിസ്ഥാനമാക്കിയാണ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്കുകള്‍ നിരക്ക് ഈടാക്കുന്നത്. കൂടുതല്‍ റിവാര്‍ഡുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സാധാരണ കാര്‍ഡുകളേക്കാള്‍ ഉയര്‍ന്ന ഇന്റര്‍ചേഞ്ച് ഫീസുണ്ട്. ഈ ഫീസ് പലപ്പോഴും റിവാര്‍ഡ് പ്രോഗ്രാമുകള്‍ക്ക് ധനസഹായം നല്‍കാന്‍ ഉപയോഗിക്കുന്നു. കൂടാതെ, ഓണ്‍ലൈന്‍, മൊബൈല്‍ ഇടപാടുകളേക്കാള്‍ കുറഞ്ഞ ഇന്റര്‍ചേഞ്ച് ഫീസാണ് നേരിട്ടുള്ള ഇടപാടുകള്‍ക്ക് (കാര്‍ഡ് നല്‍കി നടത്തുന്നവ) ഈടാക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടുകളില്‍ തട്ടിപ്പുകള്‍ക്കും ഡാറ്റാ പിഴവുകള്‍ക്കുമുള്ള സാധ്യത കൂടുതലായതിനാലാണ് ഇത്.