മസ്കറ്റ്-കണ്ണൂര്‍ നേരിട്ടുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുന്നു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് കാരണം. ഈ മാസം 23 വരെയാണ് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്. അതിന് ശേഷം നേരിട്ട് സര്‍വീസുകള്‍ ലഭ്യമല്ല എന്നാണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മേയ് പകുതിയോടെയാണ് മസ്‌കത്തിനും കണ്ണൂരിനും ഇടയില്‍ ഇന്‍ഡിഗോ സര്‍വീസ് തുടങ്ങുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു സര്‍വീസുകള്‍. താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റും ലഭ്യമായിരുന്നു. സര്‍വീസ് നിര്‍ത്തിവെക്കുന്നത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് റീ ബുക്കിങ് ചെയ്യാൻ ഇൻഡിഗോയുടെ മറ്റ് വിമാനങ്ങൾ തിരഞ്ഞെടുക്കാം. റൂട്ട് മാറ്റാൻ ഇൻഡിഗോയുടെ മറ്റ് നെറ്റ്‌വർക്ക് പോയിന്റുകൾ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ വിമാന ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ ആവശ്യപ്പെടാനുമാകും. സര്‍വീസ് നിര്‍ത്തിവെക്കുന്നത് താല്‍ക്കാലികമാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചാല്‍ സര്‍വീസ് ഇനിയും തുടങ്ങിയേക്കുമെന്നുമാണ് ഇന്‍ഡിഗോ അറിയിച്ചത്.