സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ കടുപ്പിച്ചു
മലപ്പുറം: റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകൾ പൂർണമായും ഗതാഗതയോഗ്യമാക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഒരു കരാറുകാരനെ ചുമതലപ്പെടുത്താനും പ്രവൃത്തികൾ കൃത്യ സമയത്ത് നടപ്പാക്കാനും ആണ് ഈ പദ്ധതി നടപ്പിലാക്കിയത്. വലിയ സ്വീകാര്യത ആണ് ഈ പദ്ധതിക്ക് ലഭ്യമായത്. 21,000 കിലോമീറ്ററോളം റോഡ് റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിച്ചു വരുന്നുണ്ട്.
എന്നാൽ ഈ വർഷത്തെ പരിശോധനയിൽ ചില ഇടങ്ങളിൽ പ്രവൃത്തി നടപ്പിലാക്കുന്നതിൽ കുറ്റകരമായ അനാസ്ഥ ശ്രദ്ധയിൽ പെട്ടു. പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിംഗ് പ്രക്രിയ ആരംഭിക്കാത്ത സംഭവം മലപ്പുറം ജില്ലയിൽ കണ്ടെത്തി. നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ പെരിന്തൽമണ്ണ ഉപവിഭാഗത്തിലാണ് ഈ വീഴ്ച കണ്ടെത്തിയത്.
ഇത് സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നും ലഭിച്ച പരാതികൾ അന്വേഷിക്കാൻ നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയർക്ക് നിർദേശം നൽകിയിരുന്നു. ചീഫ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.