Fincat

‘ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കരുത്’; രാഹുലിനെ പൊതുപരിപാടിയില്‍നിന്ന് വിലക്കി പാലക്കാട് നഗരസഭ


പാലക്കാട്: ലൈംഗികാരോപണത്തെ തുടർന്ന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനു പിന്നാലെ അദ്ദേഹത്തെ പൊതുപരിപാടിയില്‍നിന്ന് വിലക്കി പാലക്കാട് നഗരസഭ.പാലക്കാട്ടെ ബസ് സ്റ്റാൻഡ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് രാഹുലിനോട് ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് പാലക്കാട് നഗരത്തില്‍ ബസ് സ്റ്റാൻഡ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിയില്‍ മുഖ്യാതിഥിയായാണ് രാഹുല്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് പാലക്കാട് നഗരസഭ കത്ത് നല്‍കി. വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ രാഹുലിന് കത്ത് നല്‍കിയിരിക്കുന്നത്.

യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയർന്ന വിവാദങ്ങളെ തുടർന്നാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചത്. വിഷയത്തില്‍ ധാർമികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. അടൂരിലെ വീട്ടില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒരു സ്ത്രീയെ നിർബന്ധിച്ച്‌ ഗർഭച്ഛിദ്രം നടത്താൻ സമ്മർദ്ദം ചെലുത്തിയെന്നും ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെയാണ് ചോദ്യംചെയ്തതെന്നും അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനും എറണാകുളം സെൻട്രല്‍ പോലീസിനും പരാതി ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള നിയമസഭാ സാമാജികൻ ആണെന്നത് കണക്കിലെടുത്ത് ഗർഭസ്ഥ ശിശുവിന്റെ അവകാശം സംരക്ഷിക്കുന്നതിനായി ബാലാവകാശ കമ്മീഷൻ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് പരാതി. എറണാകുളം സ്വദേശി അഡ്വ.ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയിരിക്കുന്നത്.