മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; മമ്മൂട്ടിക്കായി ചക്കുളത്തുകാവില്‍ ആയുരാരോഗ്യസൗഖ്യ പൂജ
എടത്വാ: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനും രോഗമുക്തിക്കുമായി ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട് നടത്തി.സിനിമാലോകത്തേയ്ക്ക് തിരികെ എത്തുന്നതിനും കൂടുതല്‍ ജനപ്രിയ സിനിമകള്‍ തുടർന്ന് കൊണ്ടു പോകുന്നതിനുമായി ചക്കുളത്തമ്മയുടെ അനുഗ്രഹം ഉണ്ടാവണമെന്ന് നേർന്നാണ് ആയുരാരോഗ്യസൗഖ്യ പൂജ ഭക്തരുടെ വഴിപാടായി നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാട്.
ഡോക്ടർമാർ പൂർണ്ണ ആരോഗ്യവാനാണെന്ന് സാക്ഷ്യപ്പെടുത്തിയതിനേത്തുടർന്ന് മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നുവെന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ചൊവ്വാഴ്ച എല്ലാ ടെസ്റ്റുകളുടേയും ഫലം വന്നപ്പോഴാണ് നടന്റെ രോഗംമാറിയതായി സ്ഥിരീകരിക്കപ്പെട്ടത്.
നേരത്തെ, മോഹൻലാല്‍ തന്റെ ‘ഇച്ചാക്ക’യ്ക്കുവേണ്ടി ശബരിമലയില്‍ പ്രത്യേക വഴിപാട് നടത്തിയിരുന്നു. ഉഷഃപൂജ വഴിപാടാണ് മോഹൻലാല്‍ തന്റെ ശബരിമല ദർശനവേളയില്‍ നടത്തിയത്.