മലപ്പുറം അടക്കാകുണ്ടില്‍ 50 ഏക്കറിൽ പശുവിനെ കൊന്ന സ്ഥലത്ത് വീണ്ടും കടുവ, സിസിടിവി ക്യാമറയിൽ കടുവയുടെ ദ്യശ്യം
മലപ്പുറം: കരുവാരകുണ്ട് അടക്കാക്കുണ്ട് എഴുപതേക്കര്‍ പ്രദേശത്തെ 50 ഏക്കറില്‍ കടുവ പശുവിനെ കടിച്ചു കൊന്ന് ഭക്ഷിച്ച സംഭവ സ്ഥലത്ത് വീണ്ടും കടുവ എത്തിയതായി കണ്ടെത്തല്‍. വനം വകുപ്പ് സ്ഥാപിച്ച കാമറയിലാണ് കടുവയെ കണ്ടത്. ഇതോടെ കടുവ തന്നെയാണ് പശുവിനെ കൊന്നതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് വനം വകുപ്പ്. പ്രദേശത്ത് വനം വകുപ്പ് നാല് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കടുവയെ വീണ്ടും കണ്ടതോടെ പ്രദേശത്ത് കൂട് വെച്ച് പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
കഴിഞ്ഞ ദിവസം ഏഴുപതേക്കര്‍ റോഡിനോട് ചേര്‍ന്ന മലയപ്പിള്ളി ജോസിന്റെ റൂഹ എസ്റ്റേറ്റിലെ തൊഴുത്തില്‍ കെട്ടിയിട്ട നാല് പശുക്കളില്‍ ഒന്നിനെയാണ് കടുവ ചൊവ്വാഴ്ച പുലര്‍ച്ചെ കടിച്ചെടുത്ത് കൊണ്ട് പോയത്. പശുവിന്റെ ഒരു ഭാഗം ഭക്ഷി ച്ച നിലയില്‍ തൊഴുത്തിന് സമീപത്ത് അമ്പത് മീറ്ററോളം അകലത്തിലാണ് കാണപ്പെട്ടത്. ഈ സ്ഥലത്ത് ചൊവ്വാഴ്ച ഉച്ചക്കു ശേഷം വനം വകുപ്പ് നാല് കാമറകള്‍ സ്ഥാപിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് സ്ഥാപിച്ച കാമറക്ക് സമീപത്ത് കടുവ വീണ്ടും എത്തിയതായി ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്. ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ റാവുത്തന്‍ കാടിന്റേയും, കഴിഞ്ഞ മാസം പുല്ലങ്കോട് എസ്റ്റേറ്റില്‍ പശുവിനെ കടിച്ചു എന്ന് പറയപ്പെടുന്നതിന്റേയും സമീപ പ്രദേശത്താണ് ചൊവ്വാഴ്ച പശുവിനെ കൊന്നത്. ഇതിനടുത്ത് ചെങ്ങണം കുന്ന്, ചേരുകുളമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഈ ഭാഗങ്ങളിലെ ജനങ്ങളെല്ലാം ഭീതിയിലാണ്.