അടൂര്‍ ഗോപാലകൃഷ്ണൻ യേശുദാസ് എന്നിവര്‍ക്കെതിരായ വിനായകന്റെ വിവാദ പരാമര്‍ശങ്ങള്‍; ഖേദം പ്രകടിപ്പിച്ച് ‘അമ്മ’
കൊച്ചി: നടൻ വിനായകന്റെ വിവാദ പരാമർശങ്ങളില്‍ ‘അമ്മ’ ഖേദം പ്രകടിപ്പിച്ചു. അടൂർ ഗോപാലകൃഷ്ണൻ, യേശുദാസ് എന്നിവർക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതില്‍ സംഘടനയ്ക്ക് അതൃപ്തിയുണ്ട്.പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗത്തിലാണ് വിനായകന്റെ വിവാദ പരാമർശത്തിനെതിരെ അംഗങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയത്.
യേശുദാസിനെതിരായ പോസ്റ്റിലെ അസഭ്യ പ്രയോഗങ്ങള്‍ക്കെതിരെ നിരവധി പേർ പ്രതികരിച്ചപ്പോള്‍ വിനായകൻ മറ്റൊരു പോസ്റ്റുമായി രംഗത്തുവന്നിരുന്നു. ‘ശരീരത്തില്‍ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകള്‍ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ എന്നാണ് നടൻ കുറിച്ചിരുന്നത്. സിനിമ കോണ്‍ക്ലേവില്‍ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശങ്ങളെയും വിനായകൻ വിമർശിച്ചിരുന്നു. ഇതിനെതിരെ ഗായകൻ ജി വേണുഗോപാലും ഗായകരുടെ സംഘടനയുമെല്ലാം പ്രതിഷേധവുമായി വന്നിരുന്നു.
സമൂഹമാധ്യമങ്ങളില്‍ തുടർച്ചയായി അധിക്ഷേപ പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് വിനായകനെ കൊച്ചി സൈബർ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഫേസ്ബുക്കില്‍ കവിത എഴുതിയതാണെന്ന വിശദീകരണമാണ് വിനായകൻ പൊലീസിന് നല്‍കിയത്. കേസെടുക്കാൻ വകുപ്പില്ലെന്ന് കണ്ട് വിനായകനെ സൈബർ പൊലീസ് വിട്ടയക്കുകയായിരുന്നു. ഒന്നര മണിക്കൂറാണ് വിനായകനെ സൈബർ പൊലീസ് ചോദ്യം ചെയ്തത്.