Fincat

ചൈനയില്‍ നിര്‍മാണത്തിലിരുന്ന കൂറ്റൻ പാലം തകര്‍ന്നുവീണ് 12 മരണം; നാലുപേരെ കാണാനില്ല


ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയില്‍ നിർമാണത്തിലിരിക്കുന്ന പാലം തകർന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ12 ആയി ഉയർന്നു.അപകടത്തെത്തുടർന്ന് നാല് പേരെ കാണാതായതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ നടുഭാഗമാണ് വെള്ളിയാഴ്ചയോടെ തകർന്നുവീണത്.
സ്റ്റീല്‍ കേബിളിനുണ്ടായ തകരാർ മൂലം പാലത്തിന്റെ ഒരുഭാഗം തകർന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടസമയത്ത് 15 ജീവനക്കാരും ഒരു പ്രൊജ്ക്‌ട് മാനേജറുമായിരുന്നു പ്രദേശത്തുണ്ടായിരുന്നതെന്ന് ചൈനീസ് പത്രമാധ്യമം ആയ പീപ്പിള്‍സ് ഡെയ്ലി റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തനത്തിനായി ദുരന്ത പ്രതിരോധ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സിചുവാൻ-ക്വിങ്ഹായ് റെയില്‍വേ പ്രൊജ്ക്ടിന്റെ ഭാഗമായ പാലം, നിർമാണം പൂർത്തിയാക്കിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ഇരട്ടട്രാക്കുള്ള സ്റ്റീല്‍ നിർമിതമായ ആർച്ച്‌ പാലം ആകുമായിരുന്നു.
ചൈനയില്‍ ഇത്തരം അപകടങ്ങള്‍ തുടർക്കഥയാവുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഡിസംബറില്‍ ഷെൻസെനിലെ ഒരു റെയില്‍വെ നിർമാണ സ്ഥലത്ത് ടണല്‍ തകർന്നുണ്ടായ അപകടത്തില്‍ 13 തൊഴിലാളികളെ കാണാതായിരുന്നു.