ചെറിയ മുണ്ടം കോട്ടിലത്തറ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 23)
•ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും
താനൂര്‍ മണ്ഡലത്തില്‍ തിരൂര്‍ പുഴയ്ക്ക് പുറകെ പുതിയതായി നിര്‍മ്മിക്കുന്ന കോട്ടിലത്തറ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 23) നടക്കും. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കും. ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിക്കും. തിരൂര്‍ മുന്‍സിപ്പാലിറ്റിയിലെ പി.സി. പടിയെയും ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ഇരിങ്ങാവൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. 13 കോടി 92 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. എം/എസ് മലബാര്‍ ടെക് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.
98. 50 മീറ്റര്‍ നീളം വരുന്ന കോട്ടിലത്തറ പാലത്തിന് ആറു സ്പാനുകള്‍ ആണുള്ളത്. 7.50 മീറ്റര്‍ വീതിയുള്ള ക്യാരിയേജ് വേയും 1.50 മീറ്റര്‍ വീതി വരുന്ന ഇരുവശങ്ങളിലുമുള്ള രണ്ട് ഫുട്പാത്തുകളും കൂടി മൊത്തം 11.00 മീറ്റര്‍ വീതിയുണ്ട്. കൂടാതെ പിസി പടി ഭാഗത്ത് അപ്രോച്ച് റോഡിന് 130 മീറ്റര്‍ നീളവും ഇരിങ്ങാവൂര്‍ ഭാഗത്ത് നൂറ് മീറ്റര്‍ നീളവുമുണ്ട്. പാലത്തിന്റെ അനുബന്ധ റോഡിനും ബിഎം ആന്റ് ബിസി സര്‍ഫെസിങ്, റോഡ് സേഫ്റ്റി പ്രവൃത്തികള്‍, വാഹനഗതാഗത സുരക്ഷാസംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.