Fincat

ഷൊര്‍ണൂര്‍-നിലമ്പൂര്‍ രാത്രികാല മെമു നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും

ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ പാതയില്‍ രാത്രികാല മെമു നാളെ (ശനിയാഴ്ച്ച) മുതല്‍ സര്‍വീസ് തുടങ്ങുന്നു. രാത്രി 8.35ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആദ്യ സര്‍വീസ് നിലമ്പൂരിലേക്ക് യാത്ര പുറപ്പെടും. എറണാകുളം, തൃശ്ശൂര്‍ എന്നീ മേഖലകളില്‍ നിന്ന് രാത്രി നിലമ്പൂരേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനെ കൂടാതെ മെമുവിനെയും ആശ്രയിക്കാം. രാത്രി 8.35ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.05ന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും.

എന്നാല്‍ നിലവില്‍ ഒരുക്കിയിരിക്കുന്ന സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും ശക്തമായി തുടരുകയാണ്. നിലവിലെ സമയം വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ക്ക് പ്രയാസമുണ്ടാക്കും. ഷൊര്‍ണൂരില്‍ നിന്ന് 9.15ന് പുറപ്പെടുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ വന്ദേഭാരതിന് കണക്ഷന്‍ ലഭിക്കും. ആലപ്പുഴ, കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, തിരുവനന്തപുരം മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് എന്നിവയ്ക്കും കണക്ഷന്‍ ഉറപ്പിക്കാനാവും എന്നാണ് സമയമാറ്റം ആവശ്യപ്പെടുന്നവര്‍ വ്യക്തമാക്കുന്നത്.ട്രെയിന്‍ ക്രോസിങ് സ്‌റ്റേഷനായ അങ്ങാടിപ്പുറത്ത് എത്തിയ ശേഷം മാത്രമെ അടുത്ത ട്രെയിന്‍ എടുക്കാന്‍ കഴിയൂ എന്നതിനാല്‍ രാത്രി 8.15ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത്. കൂടാതെ പുതിയ മെമുവില്‍ തൊടികപുലം, തുവ്വൂര്‍, വാടാനാംകുറിശ്ശി എന്നിവിടങ്ങളില്‍ സ്റ്റോപ്പില്ല. ഈ സ്ഥലങ്ങളില്‍ കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.